Saturday, June 5, 2010

രാവണഖഡ്ഗം (ഇടവേളയ്ക്കു ശേഷം)

ദാണ്ടേ ഇടവേളയ്ക്കു മുന്പ് സംഭവിച്ചത് !

ഫൈനലി..... രാവണന്‍ ബാക്ക് സ്റ്റേജിലേയ്ക്ക് വന്നു ..

അഴിഞ്ഞു വീഴാന്‍ പാകത്തിന് ഞൊറി ഒക്കെ വച്ച് ഏച്ചു കെട്ടി ഒരു പട്ടുമുണ്ട് കോണകം പോലെ ഉടുത്തിരിക്കുന്നു.. ശബരിമലയ്ക്ക് പോകുമ്പോള്‍ അണ്ണാച്ചി സ്വാമിമാര്‍ അരയില്‍ കെട്ടുന്ന പോലെയുള്ള ഒരു വലിയ ബെല്‍റ്റാണ് മുണ്ടിനെ താങ്ങി നിര്‍ത്തിയിരിക്കുന്നത്. അതില്‍ ചോദ്യചിഹ്നം പോലെ ഒരു വാളുറയും ഫിറ്റ്‌ ചെയ്തിട്ടുണ്ട് . കാലില്‍ ചുണ്ടന്‍ വള്ളം പോലത്തെ ചെരിപ്പ്.

വെളുത്തു സുന്ദരനായ ആശാനെ കറുത്ത കളര്‍ ഒക്കെ അടിച്ചു വച്ചിരിക്കുന്നത് കണ്ടാല്‍ രാവണന്‍ ഇന്‍ഡോ-ആഫ്രിക്കന്‍ ആണെന്ന് തോന്നിപ്പോകും. മീശ കണ്ടാല്‍ മലര്‍വാടി ബാലമാസികയിലെ പൂച്ചപ്പോലീസിന്റെ മൂത്ത ജ്യേഷ്ഠന്‍ . ഒന്നും പോരാഞ്ഞിട്ട് ഒമ്പത് എക്സ്ട്രാ കാഡ്ബോഡ് തലകള്‍ ഫിറ്റ്‌ ചെയ്ത ഒരു കിരീടവും.. ഇപ്പൊ ആശാനെ കണ്ടാല്‍ ഒറിജിനല്‍ രാവണന്റെ പെറ്റ തള്ള സഹിക്കൂല.അമ്മാതിരി കോലം.. രാവണന്‍ കണ്ടാല്‍ മാനനഷ്ട്ടത്തിനു കേസ് ഉറപ്പ് !

കിരീടം ഊരി വച്ച ആശാന്‍ ഒരു ബീഡി വലിയ്ക്കാന്‍ പുറത്തേയ്ക്ക് വന്നു.. ഉടനെ ഞങ്ങള്‍ ചാടി വീണു..

"ആശാനേ , രാവണന്‍ കലക്കി .. . ല്ലേടാ ? " സുനി ഞങ്ങളെ നോക്കി..

"പിന്നേ, സീതയെ പൊക്കണ ഭാഗം വെറും കിടിലം ! " ഭക്തകുചേല മാത്രം കണ്ടു ശീലിച്ച സുകുവിന്റെ കള്‍ച്ചര്‍ലസ് കമന്റ് കേട്ടു ആശാന്‍ വാ പൊളിച്ചു പോയി..

"ആശാന്‍ മമ്മൂട്ടി തന്നെ , മമ്മൂട്ടി " ഞാനും കുറച്ചില്ല (പടം
മൃഗയ എന്ന് മനസ്സിലും പറഞ്ഞു)

പിന്നേം എല്ലാരും കൂടി ആശാന്റെ പേര്‍ഫോമന്‍സിനെ പറ്റി വാതോരാതെ തള്ളിത്തള്ളി പുള്ളിയെ ഉന്തി നിലത്തിടും എന്ന അവസ്ഥയായി.. ആശാന്‍ തന്റെ വയ്പ്പ് മീശ പതുക്കെ ഒന്ന് പിരിക്കാന്‍ ഒരു വിഫലശ്രമവും നടത്തി ! എന്നിട്ട് ഞങ്ങളോട് പറഞ്ഞു ..

"ഹ്ഹോ .. നിങ്ങളെ കണ്ടപ്പോഴാടാ സമാധാനമായത്.. രാവിലെ മുതല്‍ ഇത് വരെ ഒരു തുള്ളി ചാരായം പോലും കുടിച്ചിട്ടില്ല.. വയറു കാളിത്തുടങ്ങി.. ഉച്ചയ്ക്ക് അവന്‍മാര് ചോറിനൊപ്പം സംഭാരം തന്നപ്പോ സങ്കടം കൊണ്ടു കണ്ണ് നിറഞ്ഞു പോയി.. ഓര്‍മ വച്ച നാളു മുതല്‍ ചാരായം ഇല്ലാതെ ഞാന്‍ ചോറുണ്ടിട്ടില്ല".

രാവണാശാന്‍ വികാരാധീനനായി , ഞങ്ങള്‍ ആവേശഭരിതരായി.. ഞങ്ങളുടെ കയ്യില്‍ സാധനം ഉണ്ടാവും എന്ന് ആശാനറിയാം..

"എന്റെ അടുത്ത സീന്‍ അര മണിക്കൂര്‍ കഴിഞ്ഞിട്ടേ ഉള്ളൂ . സാധനം ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരെണ്ണം ഒഴീര് "

"അയ്യോ ആശാനെ, സാധനം ഉണ്ട് , പക്ഷെ ആശാന്‍ അടിച്ചു കോണ്‍ തിരിഞ്ഞാല്‍ ബാലെ കുളമാവില്ലേ ? ഞങ്ങളാണ് പട്ട തന്നതെന്ന് ആരെങ്കിലും അറിഞ്ഞാല്‍ അതിലും പ്രശ്നമാവും " പന്ജപാവങ്ങള്‍ ഞങ്ങള്‍ എരിതീയില്‍ പെട്രോള്‍ ഒഴിച്ചു കൊടുത്തു..

"രണ്ടെണ്ണം അടിച്ചാല്‍ എന്താവാനാടാ ??"

ആഹഹാ സന്തോഷം..

'ഒരെണ്ണം ഒഴീര്' എന്ന് പറഞ്ഞത് 'രണ്ടെണ്ണം അടിച്ചാല്‍ ' എന്നായത് എത്ര പെട്ടന്നായിരുന്നു .. ഇന്ന് സംഭവം കൊഴുക്കും..

നാട്ടില്‍ അന്ന് കുപ്പ്രസിദ്ധിയാര്‍ജിച്ച ഒരു ചേരുവ ഉണ്ടായിരുന്നു.. 'അട്ട' എന്ന ആ പൊടി കലക്കിയ ചാരായമാണ് ഞങ്ങള്‍ കൊണ്ടു വന്നിരുന്നത് . ഇതടിച്ചാല്‍ പിന്നെ പരസ്പ്പരബന്ധമില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു കൂവി ഒടുവില്‍ അട്ട ചുരുണ്ട് കിടക്കുമ്പോലെ എവിടെയെങ്കിലും ചുരുണ്ട് കൂടി കിടന്നോളും എന്നുള്ളത് കൊണ്ടാണ് പൊടിയ്ക്കു ആ പേര് കിട്ടിയത്..

ടച്ചിങ്ങ്സ് ആയി
താറാവ് കൂട്ടാന്റെ ചാറിന്റെ ചാര്‍ സജി പിഴിഞ്ഞ് ഒരിലയില്‍ കൊണ്ടു വന്നിട്ടുണ്ടായിരുന്നു..

കുപ്പി കണ്ട ആശാന്‍ പ്ലാവില കണ്ട ആടിനെപ്പോലെ ആഹ്ലാദവിവശനായി.. പുള്ളി ഞങ്ങളുടെ കൂടെ ഇരുട്ടിലേയ്ക്കു മാറി നിന്നു.. ഒരു ഗ്ലാസ് ചാരായം അടിച്ചു.. ചാറില്‍ മുക്കി വിരല് തിന്നു..

"പൊടി ഉണ്ടല്ലോടാ" പരിശുദ്ധമായ ചാരായം മാത്രം ടേയ്സ്റ്റ് ചെയ്തു ശീലിച്ച ആശാന്റെ നാക്കിനു അതൊരു സര്‍പ്രൈസ് ആയിരുന്നു..

വെടിക്കെട്ടുകാരനെ പേടിപ്പിക്കാന്‍ പൊട്ടാസ് എറിഞ്ഞ പോലായി ഞങ്ങളുടെ അവസ്ഥ. പിടിക്കപ്പെട്ടു എന്ന് വിചാരിച്ച് ടെന്‍ഷനായി.. ടെന്‍ഷന്‍ കേറിയാല്‍ പിന്നെ അത് മാറ്റാന്‍ വേണ്ടി ആ ചാരായം ഞങ്ങള് തന്നെ കുടിക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് പിന്നേം ടെന്‍ഷന്‍ ..

"അത് പിന്നെ ഷാപ്പില്‍ കൊടുക്കാന്‍ അപ്പന്‍ എടുത്തു വച്ചതാ " കൊളുത്ത് സനല്‍ ഒരു വിധത്തില്‍ മൊഴിഞ്ഞു.. മിടുക്കന്‍ , തക്ക സമയത്ത് ഡയലോഗ് എടുത്തു കീറി.. ഇന്ന് ഞങ്ങള്‍ അവന്റെ ഫാന്‍സ്‌.

"ആ , പൊടിയെങ്കില്‍ പൊടി.. ദാഹം ശമിക്കട്ടെ"

അത് ശരി , അപ്പൊ ഇങ്ങേരു ഇതുവരെ പച്ച വെള്ളം പോലും കുടിച്ചിട്ടില്ല .. ചാരായത്തോട്‌ അസൂയ തോന്നിപ്പോയ നിമിഷം !

അട്ടയാണ് പൊടി എന്ന് ആശാന്‍ അറിയുന്നില്ലല്ലോ .. വീണ്ടും മോന്തി ഒരു ഗ്ലാസ് കൂടി..
ദൈവമേ, എന്തൊരു ആര്‍ത്തി.. ആറ്‌ മാസമായി ഫീല്‍ഡ് ഔട്ട്‌ ആയിരുന്ന വിത്ത് കാളയുടെ മുന്നില്‍ അബദ്ധവശാല്‍ ചെന്നു ചാടിയ പശുവിന്റെ അവസ്ഥയിലായി ചാരായക്കുപ്പി.

പത്തു പതിനഞ്ചു മിനുട്ടായി.. ആള് കുഴയാന്‍ രണ്ടെണ്ണം ധാരാളമാണ് ..നാലെണ്ണം അടിച്ചവര്‍ വാള് വയ്ക്കാതെ ചുരുണ്ടിട്ടില്ല... ആശാന്‍ മൂന്നു ഗ്ലാസ് വീശിക്കഴിഞ്ഞു.. സാധാരണ ആളല്ലല്ലോ .. ചാരായത്തിന്റെ മര്‍മ്മം അറിഞ്ഞവന്‍ അല്ലെ .. ബെനിഫിറ്റ് ഓഫ് ഡൌട്ട് ഗോസ് ഫോര്‍ ആശാന്‍ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരെണ്ണം കൂടി ആശാന് ഒഴിച്ചു കൊടുത്തു..

ബാര്‍ബര്‍ രവിയുടെ കത്തിയേക്കാള്‍ ഭംഗിയായി ചാറിരുന്ന വാഴയില ആശാന്‍ വിരലു കൊണ്ടു തുടച്ചു തുടച്ചു ഇലയെ ക്ലീന്‍ ഷേവ് ചെയ്യുന്നത് കണ്ട് സജി പയ്യെ പറഞ്ഞു..
"ഇല പറമ്പില്‍ കളയാനുള്ളതാ , നക്കാന്‍ വരുന്ന പട്ടി പ്രാകും ".. ഭാഗ്യത്തിന് ആശാന്‍ കേട്ടില്ല.. ഞങ്ങള്‍ അവനെ കലിപ്പിച്ചു നോക്കി !

ഒഴിച്ചു കൈ കുഴഞ്ഞെങ്കിലും ആശാന്‍ കുഴയുമോ എന്ന സംശയത്തില്‍ ആയിരുന്ന ഞങ്ങളുടെ മനസ്സില്‍ സന്തോഷത്തിന്റെ ആദ്യ വെടി മുഴങ്ങി ..
ഞങ്ങളുടെ സംശയത്തിനു വിരാമമിട്ടു കൊണ്ട് ആശാന്‍ മണിപ്രവാളം സംസാരിച്ചു തുടങ്ങി..

"എടാ നിങ്ങള്‍ക്കെന്നെ അറിയില്ലേ ? "

"പിന്നേ... ആശാനെ ഞങ്ങള്‍ക്കല്ലേ അറിയൂ " ഞങ്ങള്‍ കോറസ് പാടി

"ഇല്ല നിനക്കൊന്നും ഒരു കോപ്പും അറിയില്ല" . . ആഹാ അത് ശരി !

"ഒരു കലാകാരനായ എന്നെ എല്ലാരും ഒര്വാട് ദ്രോയിച്ചു. എനിക്കീ പീറ ക്ലബ്ബിനു വേണ്ടി വേഷം കെട്ടേണ്ട ഒരു ആവശ്യവുമില്ല.."

ആശാന്‍ പിന്നെ ഞങ്ങള്‍ ആരും കേള്‍ക്കാത്ത വേള്‍ഡ് ഫേമസ് നാടക ട്രൂപ്പുകളുടെ പേരും അതില്‍ ആശാന്റെ റോളുകളും 'ചേരും പടി ചേര്‍ക്കുക' എന്ന ചോദ്യത്തില്‍ കാണുന്നത് പോലെ വിളമ്പാന്‍ തുടങ്ങി.. നോഹയുടെ പെട്ടകത്തിലെ ദുഷ്യന്തനും , കാളിയമര്‍ദനത്തിലെ ഫാദര്‍ ബനഡിക്റ്റും ഒക്കെ പുള്ളിയുടെ മാസ്റ്റര്‍ പീസുകള്‍ ആയിരുന്നു പോലും ..

ദൈവമേ , വേലിയില്‍ കിടന്ന വെരുകിനെ എടുത്തു വിഐപി (സ്യൂട്കേസ് ആണ് ഞാന്‍ ഉദ്ദേശിച്ചത്)ക്കുള്ളില്‍ വച്ച പോലായോ ? ആശാന്‍ ഞങ്ങളെ വിട്ടു പിരിയാന്‍ വയ്യാത്ത വിധം ആത്മബന്ധം ബില്‍ഡ്അപ്പ്‌ ചെയ്യുന്നു.. ഇതു അട്ടയല്ല , തേരട്ടയാണ് .... എത്രെയും വേഗം സ്കൂട്ടാവണം..

സ്റ്റേജിനു പിറകില്‍ ആളനക്കം കേട്ടു.. ആശാനെ അന്വേഷിച്ചു സംവിധായകനും സംഘവും ആണ് വരുന്നതെന്ന് ഞങ്ങള്‍ ഉണര്‍ത്തിച്ചു.. ആശാനിലെ രാവണന്‍ സട കുടഞ്ഞെഴുന്നേറ്റു. ചാരായം കുടിച്ചു ബള്‍ബ് ആയ വയര്‍ റിലീസ് ചെയ്യാന്‍ വേണ്ടി ബെല്‍റ്റ്‌ രണ്ടു തുള മാറ്റിയിട്ടു.. പിന്നില്‍ തിരുകി വച്ചിരുന്ന പാളത്താര്‍ അഴിഞ്ഞോ എന്ന് സംശയം, (പുള്ളിയ്ക്കല്ല , ഞങ്ങള്‍ക്ക് ! പുള്ളിയ്ക്ക് ഇപ്പൊ ഒന്നിനേം കുറിച്ച് ഒരു സംശയോം ഇല്ല )

സ്റ്റേജിന്റെ പിന്നില്‍ വലതു വശത്ത് കൂടിയുള്ള പടികള്‍ കയറി വേണം രംഗത്ത് പ്രവേശിക്കാന്‍ .. ആശാന്‍ അങ്ങോട്ട് കയറാന്‍ ഒരുങ്ങുന്നത് കണ്ടു മനസ്സ് നിറഞ്ഞു ഞങ്ങള്‍ കാണികളുടെ ഇടയിലേയ്ക്കു ഓടി..

ബാലെ അരങ്ങു തകര്‍ക്കുന്നു.. സീതയ കാണാന്‍ വന്ന ഒരു വാനരനെ പിടിച്ചു കെട്ടി കൊണ്ടു വന്നിട്ടുണ്ട് എന്ന വാര്‍ത്ത അറിയിക്കാന്‍ ഒരു ഭൃത്യന്‍ രാവണ അന്തപ്പുരത്തില്‍ വരുന്നതാണ് സീന്‍ . .

"പ്രഭോ , പ്രഭോ , അങ്ങെവിടെയാണ് "

അതാ... രാവണന്‍ പടികള്‍ കയറി വരുന്നു.. വന്ന പാടെ അദ്ദേഹത്തെ വിളിച്ച ഭ്രുത്യനു മുന്നില്‍ സാഷ്ട്ടംഗം നമസ്ക്കരിച്ചു.. കിരീടം തെറിച്ചു അപ്പുറത്തും വീണു !!

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ ഞങ്ങളടക്കമുള്ള കാണികള്‍ എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുവാണ്.. രാവണന്‍ ഇത്ര പാവമോ ? ഭ്രുത്യന്റെ കാലില്‍ വീഴുന്ന രാജാവോ ?

അതിലും വലിയ അവസ്ഥയിലായിരുന്നു ഭൃത്യന്‍ .. പുള്ളി പകച്ചു പോയി.. എന്നാലും കണ്ട്രോള്‍ തിരിച്ചു പിടിച്ചു പുള്ളി പറഞ്ഞു..

"പ്രഭോ , എന്താണിത് ? അങ്ങ് എന്റെ കാലില്‍ വീണു നമസ്ക്കരിക്കുന്നോ ? "

സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ക്ക് ഏകദേശം പിടികിട്ടി .. ബെല്‍റ്റ്‌ ലൂസ് ആക്കിയപ്പോള്‍ പിന്നില്‍ നിന്നും ഊരിവന്ന മുണ്ടിന്റെ അറ്റം പടി കയറുന്നതിനിടയില്‍ ആശാന്റെ കാലില്‍ കുടുങ്ങി.

ആശാന്‍ കമന്നടിച്ചു വീണ സീന്‍ ആണ് അല്‍പ്പം മുന്നേ കണ്ടത്. !!

രാവണന്‍ ചാടി എഴുന്നേറ്റു.. ജെസിബി കൊണ്ടു മണ്ണ് മാന്തിയെടുക്കുന്ന പോലെ കൈ കൊണ്ടു കിരീടം തപ്പി പെറുക്കിക്കൂട്ടി തലയില്‍ ഫിറ്റ് ചെയ്തു .. പിന്നിലേയ്ക്ക് എടുത്തു കുത്തിയിരുന്ന പാളത്താര്‍ മുന്നില്‍ അഴിഞ്ഞു കിടക്കുന്നു.. മീശയുടെ പൊസിഷന്‍ ആണ് കഷ്ട്ടം.. ഒരു വശം കോടിയിരിക്കുന്ന മീശ ഇപ്പൊ കണ്ടാല്‍ , ടിജി രവി ചുണ്ടില്‍ ചെരിച്ചു വച്ചു വലിക്കുന്ന പൈപ്പ് മാതിരി തോന്നും.. അതൊക്കെ സഹിക്കാം.. കിരീടമാണ് ആശാനെ ഏറ്റവും ചതിച്ചത്.. ഉരുണ്ട് പോയ കിരീടം തപ്പിയെടുത്തു ആശാന്‍ തലയില്‍ ഫിറ്റ്‌ ചെയ്തപ്പോള്‍ സംഭവം തലതിരിഞ്ഞു പോയി..

മൂക്കിടിച്ചു വീണു കലിപ്പായ ആശാന്‍ പിന്നെ ഒന്നും നോക്കിയില്ല .. അഴിഞ്ഞ മുണ്ട് എടുത്തു അങ്ങട് മടക്കിക്കുത്തി..

ബാലരമയിലെ വിക്രമന്റെ ഷര്‍ട്ട്‌ പോലെ, ചുവപ്പില്‍ വെള്ള വരകളുള്ള ആശാന്റെ ഡ്രായര്‍ മുണ്ടിനടിയില്‍ കൂടി പുറംലോകം കണ്ടു.. ഒന്‍പതു മുടികളും നടുക്ക് ഒരു മുഖവുമായി ,മുണ്ടും മടക്കിക്കുത്തി നെഞ്ചും വിരിച്ചു ആശാന്‍ അങ്ങനെ നില്‍ക്കുവാണ്..

കാണികള്‍ തലതല്ലി ചിരിക്കുന്നു.. ഞങ്ങള്‍ ചിരിച്ചു ചാവും എന്ന അവസ്ഥയായി.. പക്ഷെ ആശാന്‍ കൊല്ലാന്‍ പോകുന്നേയുള്ളൂ.. കോളാമ്പിയിലൂടെ ആ ശബ്ദം മുഴങ്ങി...

"ആരെടാ പെരട്ടേ നിന്റെ കാലില്‍ വീണത് ? പ്ഫാ ... " രാവണന്‍ തന്റെ ഖഡ്ഗം എടുത്തു പൊക്കിപ്പിടിച്ച് ആക്രോശിച്ചു.

ഫ്രിത്യന്റെ പടം പകുതി മടങ്ങി.. എന്നാലും തപ്പിത്തടഞ്ഞു പുള്ളി പറഞ്ഞു :
"ലങ്കയില്‍ അതിക്ക്രമിച്ചു കയറിയ ഒരു വാനരനെ ഞങ്ങള്‍ പിടിച്ചു കെട്ടി കൊണ്ടു വന്നിട്ടുണ്ട് പ്രഭോ.. "
ഇതും പറഞ്ഞുകൊണ്ടു ,രാവണന്റെ അനുമതിയ്ക്കു കാത്തു നില്‍ക്കാതെ പുള്ളി തന്നെ ഹനുമാനെ കൊണ്ടുവരാന്‍ ഓടി ..രണ്ടു ഭടന്മാര്‍ ചേര്‍ന്ന് ഹനുമാനെ വരിഞ്ഞു കെട്ടി സ്റ്റേജിലേയ്ക്ക് കൊണ്ടു വന്നു..

"പ്രഭോ , ഇവനെ എന്ത് ചെയ്യണം ? "

(എന്റെ ഓര്‍മ ശരിയാണെങ്കില്‍ , വാലില്‍ തീ കൊളുത്താനാണ് ഒറിജിനല്‍ രാവണന്‍ പറഞ്ഞത്.. പക്ഷെ ആശാന്റെ ഓര്‍മ ഇപ്പൊ ശരിയല്ലല്ലോ..)

"ലിവന്റെ തല മൊട്ടയടിച്ചു ദേഹത്ത് പുള്ളി കുത്തി കഴുതപ്പുറത്ത് ഇരുത്തി നാട് കടത്തഡേയ് " രാവണന്‍ ആജ്ഞാപിച്ചു ..

എല്ലാവരും ഞെട്ടി .. കൂടുതല്‍ നേരം അവിടെ നിന്നാല്‍ ഹനുമാന്‍ ഇടി മേടിയ്ക്കും എന്ന് മനസിലായ ഭടന്മാര്‍ ഹനുമാനേം കൊണ്ടു അവിടുന്ന് സ്കൂട്ടായി !!

സംഗതി അലമ്പായെന്നു സംവിധായകന് മനസിലായി.. പല സീനുകളും കട്ട് ചെയ്തു എത്രെയും പെട്ടെന്ന് ബാലെ തീര്‍ക്കാനുള്ള തിടുക്കത്തിലായി എല്ലാവരും..
അത് കൊണ്ടു ഏറ്റവും ഡെസ്പ്പായത് ഹനുമാനാണ്.. ലങ്കയില്‍ തീയിടാനുള്ള സുവര്‍ണ്ണാവസരം ഹനുമാന് നഷ്ട്ടപ്പെട്ടു.. !!

പിന്നിലെ സീന്‍കര്‍ട്ടന്‍ വീണ്ടും മാറി.. ഇപ്പോള്‍ അശോകവനി ആണ് ബാക്ഗ്രൌണ്ട് .. സംഭവവികാസങ്ങള്‍ ഒക്കെ കണ്ടു പേടിച്ചരണ്ട സീത രാവണന്റെ കണ്ണില്‍പ്പെടാതെ ഇടതു വശത്ത് കൂടി പമ്മിപ്പമ്മി വന്നു ഒരു മൂലയ്ക്കിരുന്നു..

ഭൃത്യന്‍ വീണ്ടും രാവണന്റെ അടുത്ത് ചെന്നു..

"പ്രഭോ, സീതയെ തട്ടിക്കൊണ്ടു പോയതിനു പകരം ചോദിക്കാന്‍ രാമന്‍ എത്തിക്കഴിഞ്ഞു.."

ആശാന്റെ സകല കണ്ട്രോളും പോയിക്കഴിഞ്ഞിരുന്നു.. മൂക്കിടിച്ച വേദനയുടെ പുറമേ ചാരായത്തിന്റെ എഫ്ഫക്ടും ആയപ്പോള്‍ കരണ്ടടിച്ച അണ്ണാനെ പോലെ പുള്ളി നിന്നു വിറയ്ക്കുകയാണ്..

"ഛീ , കണ്ട പെണ്ണുങ്ങളെ തട്ടിക്കൊണ്ടു വന്നിട്ട് നിന്നു കാണാ കുണാ പറയുന്നോടാ.. ഇവിടെ മനുഷ്യന്റെ മൂക്കിന്റെ പാലം ഒടിഞ്ഞു.. അപ്പോഴാണ്‌ അവന്റെ രാമന്‍ .. അവനിങ്ങു വരട്ടെ .. ഇടിച്ചു പരിപ്പിളക്കും ഞാന്‍ "

അതിമനോഹരം !

അവിടെ വച്ചു കര്‍ട്ടനിട്ടാല്‍ മതിയായിരുന്നു.. പക്ഷെ കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ.. ആര്‍ക്കും ആ ബുദ്ധി തോന്നിയില്ല ...

ദേഷ്യവും പേടിയും കൂടിക്കലര്‍ന്ന ഒരു പ്രത്യേക തരം ദയനീയാവസ്ഥയില്‍ ഭൃത്യന്‍ വീണ്ടും പറഞ്ഞു ..

"പ്രഭോ , ഞാന്‍ അല്ലാ , അങ്ങയാണ് സീതയെ തട്ടിക്കൊണ്ട് വന്നത്" ഭൃത്യന്‍ ചോദ്യഭാവത്തില്‍ എന്ന പോലെ സീതയുടെ നേര്‍ക്ക് കൈ ചൂണ്ടി.. സീതയാണെങ്കില്‍ നിക്കണോ പോണോ എന്ന രീതിയില്‍ ഓടാന്‍ റെഡിയായി നില്‍ക്കുവാണ്.. എന്തും സംഭാവിക്കാലോ ...

പോരെ പൂരം..

"കഴുവേര്‍ഡ മോനെ , ഈ എസ്തപ്പനാശാന്‍ കള്ളു കുടിക്കും , കന്ജാവടിക്കും , പക്ഷെ ഇതു വരെ ഒരു പെണ്ണ് കേസിലും പെട്ടിട്ടില്ലെടാ.. നല്ല അന്തസ്സുള്ള തറവാട്ടില്‍ ജനിച്ചവനാടാ ഞാന്‍ "

നിന്ന നില്‍പ്പില്‍ പീച്ച്ചേമൂട്ട് അടിച്ച ആശാന്‍ സീതയെ നോക്കി പറഞ്ഞു

"പെങ്ങളേ , പെങ്ങള് പേടിക്കേണ്ട, ഒരുത്തനും ഇവിടെ വന്നു ഒരു ചുക്കും ചെയ്യില്ല "

ഠിം !!.. എല്ലാം തീര്‍ന്നു... ബാലെയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും ആശാന്‍ അടിച്ചു ..

കാണികള്‍ എഴുന്നേറ്റു നിന്നു കൂവലും വിസിലടീം ചീത്ത വിളീം .. ആകെ ബഹളം ... പച്ചക്കറി , പഴ വര്‍ഗങ്ങള്‍ എന്നിവ ചെറിയ തോതില്‍ അന്തരീക്ഷത്തില്‍ പറക്കാനും തുടങ്ങി..

ഞങ്ങള്‍ക്ക് കിട്ടാനുള്ള കളക്ഷനാണ് ഈ പറക്കുന്നത്.. ആ പോട്ട് .. ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ.. ഞങ്ങള്‍ നിലത്തു കുത്തിയിരുന്ന് അവയുടെ റൂട്ട് ക്ലിയര്‍ ആക്കിക്കൊടുത്തു.. ഹല്ലാ പിന്നെ ...

സീതയും ഭ്രുത്യനും പരസ്പ്പരം കൂട്ടിയിടിക്കാതെ ഒരു വിധത്തില്‍ ഓടി രക്ഷപെട്ടു.. ആശാന്‍ മാത്രം അടുത്ത സീനിനു വേണ്ടി വെമ്പി നില്‍ക്കുകയാണ്.. നാട്ടിലെ ഏതോ ഒരു ലിംബാറാം എയ്ത ഒരു തക്കാളി കൃത്യമായി ആശാന്റെ മുഖത്ത് തന്നെ വീണു അമിട്ട് പൊട്ടണ മാതിരി ചിതറി..

അട്ടയുടെ എഫക്റ്റിനു മുകളില്‍ ചീഞ്ഞ തക്കാളിയുടെ നാറ്റം കൂടിയായപ്പോള്‍ ആശാന്റെ സകല കണ്ട്രോളും വിട്ടു.. തീ തുപ്പാന്‍ പോകുന്ന ഡ്രാഗണ്‍ മാതിരി ഒന്ന് പിന്നോട്ടാഞ്ഞ രാവണന്‍ വേച്ചു വേച്ചു മൈക്കിനടുത്തു ചെന്നു..

ഗ്വാ............................!!!!!!!!!!!!!!!!!

ദിഗന്തങ്ങള്‍ നടുക്കിയ ആ ശബ്ദം കോളാമ്പിയിലൂടെ മുഴങ്ങി

കൈവിട്ട ആയുധവും വാ വിട്ട വാളും ആര്‍ക്കും തിരികെയെടുക്കാന്‍ പറ്റില്ല എന്നാണല്ലോ ... പൊടിയുടെ നാലാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആശാന്‍ , സാക്ഷാല്‍ അട്ട പോലും നാണിച്ചു പോകുന്ന ഷേപ്പില്‍ ചുരുണ്ട് കൂടി സ്റ്റേജിന്റെ ഒരു മൂലയില്‍ പോയി കിടന്നു..

---ശുഭം---


അന്ന് മുതല്‍ ഇന്ന് , ഈ നിമിഷം വരെ , ചെര്‍പ്പില്‍ക്കാവിന്റെ ചരിത്രത്തില്‍ , പേരിനെ ഇത്ര അന്വര്‍ത്ഥമാക്കിയ ഒരു ബാലെയും നാടകവും ഉണ്ടായിട്ടില്ല..

രാവണഖഡ്ഗം , അഥവാ , രാവണന്റെ വാള്‍ !! !!





പൊട്ടനെ ചെട്ടി പറ്റിച്ചാല്‍ ചെട്ടിയെ ദൈവം പറ്റിക്കും എന്നാണല്ലോ പ്രമാണം ! ആശാനെയും ട്രൂപ്പിനെയും പറ്റിച്ച ശേഷം പിറ്റേ ദിവസം ഞങ്ങള്‍ വളരെ ശ്രദ്ധയോട് കൂടിയാണ് ഞങ്ങളുടെ നാടകം അവതരിപ്പിച്ചത്.. വെള്ളമടിച്ചില്ല , ഡയലോഗ് തെറ്റിച്ചില്ല .. പക്ഷെ എന്നിട്ടും !!! ! പാദരക്ഷകളും പച്ചക്കറികളും ഒന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല .. പക്ഷെ കിട്ടിയത് മറ്റൊന്നായിരുന്നു... ആ സംഭവം ഇനിയൊരിക്കല്‍ പറയാം :-)