Friday, March 26, 2010

ലിഫ്റ്റടി വാസു !ലിഫ്റ്റ്‌ വാസു !

NIFE-യില്‍ പോയി ലിഫ്റ്റ്‌ ടെക്നീഷ്യന്‍ കോഴ്സ് പഠിച്ചത് കൊണ്ടല്ല വാസുവണ്ണന്‍ ആ പേര് സമ്പാദിച്ചത്.. മറിച് , വഴിയ്ല്‍ കാണുന്ന പട്ടിയോടും പൂച്ചയോടും വരെ ലിഫ്റ്റ്‌ ചോദിച്ചു യാത്ര ചെയ്തു ഡെസ്റ്റിനേഷനില്‍ എത്തുക എന്ന സ്ട്ട്രാട്ടജി വളരെ ഭംഗിയായി എക്സിക്യൂട്ട് ചെയ്തു ജീവിക്കുന്നത് കൊണ്ടു വീണ പേരാണ്.

നാട്ടിലെ ഔദ്യോഗിക വാഹനമായ സൈക്കിള്‍ പുള്ളി സ്വന്തമായി വാങ്ങിയിട്ടില്ല. ആരെങ്കിലും സൈക്കിളിലോ സ്കൂട്ടറിലോ പോകുമ്പോള്‍ അവരുടെ ലിഫ്റ്റ്‌ ചോദിച്ചു കൂടെ കയറും.. എന്നിട്ട് 'ദേ ഇച്ചിരി വലത്തോട്ട്', 'ഒരല്‍പം ഇടത്തോട്ട്' , 'ആ തൊണ്ടിന്റെ അറ്റത്ത്‌' എന്നൊക്കെ പറഞ്ഞു വണ്ടി ഓടിക്കുന്നവന്റെ റൂട്ട് മുഴുവന്‍ മാറ്റി തനിക്ക് ആവശ്യമുള്ളിടത്ത് എത്തിക്കാന്‍ ഉള്ള കോഴ്സില്‍ വാസുവണ്ണന് ഡോക്ടറെയ്റ്റ് ഉണ്ട്.

എന്നിട്ടോ , അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ബൈ ബൈ എന്ന് പറഞ്ഞ് ഒറ്റ പോക്കാണ്.... ആള് സാമാന്യം നല്ല ഫ്രോഡും ആണ്.. ആര്‍ക്കിട്ടെങ്കിലും പണി കിട്ടുന്നത് കാണാന്‍ പെരുത്ത്‌ സന്തോഷമാണ് പുള്ളിക്ക്..

ബ്രെയ്ക്ക് ബൈജു !
വലിയ ബ്രെയ്ക്ക് ഡാന്‍സ്കാരനാണ്.. കൊഞ്ചു നിവര്‍ന്നു നിന്നത് പോലെയാണ് രൂപം.. ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഉന്തി നില്‍ക്കുന്ന രണ്ടു മുയല്‍പ്പല്ലുകള്‍ ആണ് പുള്ളിയുടെ അടയാളം . പളപളാ മിന്നുന്ന ഷര്‍ട്ടും പാന്റ്സും വേഷം.. വെയിലത്ത്‌ ബൈജു ഇറങ്ങി നടക്കുന്ന കാഴ്ച കണ്ടു പലരുടെയും കണ്ണുകള്‍ മഞ്ഞളിച്ചും നീലളിച്ചും ചുമന്നളിച്ചും ഒക്കെ പോയിട്ടുണ്ട്..

ചെര്‍പ്പില്‍ക്കാവിലെ ഉത്സവത്തിന്‌ ബ്രെയ്ക്കിനിറെ ഒരു ഡാന്‍സ് ഇല്ലെങ്കില്‍ ഭഗവതി പിണങ്ങും എന്നാണു പ്രശ്നം വയ്ക്കല്‍ നടത്തുന്ന മാധവക്കണിയാന്‍ പറഞ്ഞിട്ടുള്ളത് പോലും ! ഭഗവതി പിണങ്ങാണ്ടിരിക്കാന്‍ ഉത്സവ സീസണ്‍ ആകുമ്പോഴേക്കും ബൈജു ആരുടെയെങ്കിലും കാലു പിടിച്ചു അവിടെ ഒരു ഡാന്‍സ് പ്രോഗ്രാം നടത്തിയിരിക്കും !

പക്ഷെ ഉള്ളത് പറയാലോ , ആ നാട്ടില്‍ എന്നെക്കാള്‍ ശുദ്ധനായ ഒരാള്‍ ഉണ്ടെങ്കില്‍ അത് ബൈജുവാണ്.. പഞ്ചപാവം.. പരസഹായി .. ആരെയും ദ്രോഹിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യ..

ഒറ്റ പ്രശ്നമേയുള്ളൂ.. എന്തെങ്കിലും ചോദിച്ചാല്‍ ആദ്യം ഒരു തറുതല അല്ലെങ്കില്‍ തര്‍ക്കുത്തരം.. അതായിരിക്കും ബൈജുവിന്റെ നാക്കില്‍ നിന്നും ആദ്യം ചാടുക.. പിന്നെ ആ രണ്ടു പല്ലുകള്‍ കാണിച്ചു ഒരു ചിരിയും..

ബൈജുവിനോളം ഫേമസ് ആണ് പുള്ളിയുടെ സ്കൂട്ടറും.. സര്‍ക്കസ്സുകാരുടെ വണ്ടി മാതിരി ഒരു നാലഞ്ചു കളര്‍ പെയിന്റ് ഒക്കെ അടിച്ച ഒരു പഴയ പന്നാസ് ലാമ്പി !
ബൈജുവിനാണെന്കില്‍ വണ്ടി എപ്പോ ഓടിച്ചാലും ആരെയെങ്കിലും അതില്‍ കയറ്റണം .. കയറ്റിയെ അടങ്ങൂ.. എന്നിട്ട് ബ്രെയ്ക്ക് ഡാന്സിനെക്കുറിച്ചും ലാമ്പി സകൂട്ടറെക്കുറിച്ചും എഴുതി തയ്യാറാക്കിയത് പോലെ ഒരു പ്രസംഗം തന്നെ നടത്തും !

അങ്ങനെ ഒരു ഞായറാഴ്ച വൈകുന്നേരം രണ്ടു ചെറുതൊക്കെ അടിച്ചു മിനുങ്ങി തന്റെ ലാംബിയും എടുത്തു നാട് ചുറ്റാനിറങ്ങിയ ബൈജു ചെന്നു പെട്ടത് ആരെയെങ്കിലും സീസി വയ്ക്കാന്‍ നോക്കി കവലയില്‍ നില്‍ക്കുന്ന വാസുവണ്ണന്റെ മുന്നില്‍ ..

വിരുദ്ധധ്രുവങ്ങള്‍ ആകര്‍ഷിക്കപ്പെടും എന്നാണല്ലോ..

രണ്ടു പേരും ഹാപ്പി ! തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് രണ്ടു പേരും വിചാരിച്ചു.. ടൌണ്‍ ആണ് വാസുവണ്ണന്റെ ലക്‌ഷ്യം ! ചക്കയുടെ മൂട്ടില്‍ അണ്ണാന്‍ ഇരിക്കുന്ന മാതിരി രണ്ടു പേരും കൂടിയുള്ള ആ യാത്ര തുടങ്ങി..

ഇരുട്ട് വീണു തുടങ്ങിയിരുന്നു.. ടൌണ്‍ന് അടുത്തുള്ള വളവു തിരിഞ്ഞതും ബൈജു ഞെട്ടി.. മുന്‍പില്‍ ജീപ്പുമായി ഇര തേടി നില്‍ക്കുന്നു....
സാക്ഷാല്‍ സുഗതന്‍ എസ് ഐ !! മാന്‍പേടയെ കണ്ട സിംഹത്തെപ്പോലെ സുഗതന്‍ എസ് ഐ സന്തോഷം കൊണ്ടു മതിമറന്നു കൈ ഒക്കെ തിരുമ്മിത്തുടങ്ങി..

ബ്രെയ്ക്ക്(ബൈജു) ബ്രെയ്ക്ക്(വണ്ടിയുടെ) പിടിച്ചതും വണ്ടി നിയന്ത്രണം വിട്ട വാണം മാതിരി വളഞ്ഞു പുളഞ്ഞു ഒരു വിധം ജീപ്പില്‍ തട്ടി തട്ടിയില്ല എന്ന മട്ടില്‍ നിന്നു !

"ഇങ്ങോട്ടിറങ്ങെടാ... ശരിക്കൊന്നു കാണട്ട് " സുഗതന്‍ എസ് ഐ ....

ബൈജു ആകെ പരവേശത്തോടെ ഇറങ്ങി. ബൈജുവിനെ പൊക്കിയത് കണ്ടു വാസുവണ്ണനു സന്തോഷം കൊണ്ട് നില്‍ക്കാന്‍ വയ്യാതായെങ്കിലും
അവിടെ ഇരിക്കാന്‍ കസേര ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ബൈജുവിന്റെ തൊട്ടു പിറകില്‍ പതുക്കെ കയ്യും കെട്ടി നിന്നു.. ഇന്ന് അടിയുടെ പൂരം കാണാം എന്ന് മനസ്സിലും വിചാരിച്ചു..

കാലിയായ മീന്‍കൊട്ടയുടെ അരികില്‍ പൂച്ച മണത്തു നടക്കും പോലെ സുഗതന്‍ എസ് ഐ ബൈജുവിന്റെ മുഖത്തിന്‌ ചുറ്റും തന്റെ മൂക്ക് കൊണ്ട് 'ഇക്ഷ' വരച്ചു !

"വെള്ളമാടിച്ചാണോടാ വണ്ടി ഓടിക്കണത് ? " സുഗതന്‍ എസ് ഐ ..

"പെട്രോള്‍ അടിച്ചാണ് സാര്‍ വണ്ടി ഓടിക്കുന്നത്" - മാനുഫാക്ച്ചറിംഗ് ഡിഫെക്റ്റ് പോലെ
എന്നും തന്റെ കൂടെയുള്ള തര്‍ക്കുത്തരം ബൈജു പോലും അറിയാണ്ട് പുറത്തു ചാടി !!!!

വാസുവണ്ണന്‍ ആഹ്ലാദം കൊണ്ടു വീര്‍പ്പു മുട്ടി.. ചിരി അമര്‍ത്തിപ്പിടിച്ചു പിന്നില്‍ നിന്നു.. ആഹാ ഇപ്പോള്‍ കാണാം സീന്‍ എന്ന് മസ്സില്‍ മന്ത്രിച്ചു

പറഞ്ഞു കഴിഞ്ഞ നിമിഷത്തില്‍ തന്നെ ബൈജു അബദ്ധം മനസിലാക്കിക്കഴിഞ്ഞിരുന്നു.. പക്ഷെ ഒരുപാട് വൈകിപ്പോയിരുന്നു !!!

"കഴുവേര്‍ട മോനെ" എന്ന ആ ആക്രോശം കോളാമ്പി മൈക്കില്‍ കൂടി കേള്‍ക്കുന്ന പോലെ അവിടെ പ്രകമ്പനം കൊണ്ടു ...

സുഗതന്‍ എസ് ഐ പേറ്റന്റ് എടുത്ത ഒരു സ്റ്റൈല്‍ ആണ് അടുത്തതായി അവിടെ അരങ്ങേറിയത് !
ഒളിമ്പിക്സിനു ഡിസ്ക്കസ് ത്രോ താരം കയ്യിലുള്ള ആ പാട്ട എറിയാന്‍ വേണ്ടി ആക്ഷന്‍ എടുക്കുന്നത് പോലെ സുഗതന്‍ എസ് ഐ വലത്തേ കൈ പിന്നിലേക്ക് വലിച്ചു.. കാല്‍ മുട്ടുകള്‍ അല്‍പ്പം മടക്കി .. കണ്ണുകള്‍ ഇറുക്കിയടച്ചു..

പത്തല് പോലത്തെ ആ കൈ മുന്നിലേക്ക് വീശിയെടുത്തതും, പറഞ്ഞ തെറ്റ് മനസിലാക്കിയ ബ്രെയ്ക്ക് ബൈജു പുഴു ചുരുണ്ട് വീഴും പോലെ സുഗതന്‍ എസ് ഐ യുടെ കാലിലേക്ക് വീണതും ഒരുമിച്ചായിരുന്നു..

"ട്ടപ്പേ" !!!!!

പടക്കം പൊട്ടുന്ന മാതിരി ശബ്ദം.. ചുണ്ണാമ്പ് കയ്യില്‍ തേച്ചത് പോലെ സുഗതന്‍ എസ് ഐ യുടെ കൈ നീറിപ്പുകഞ്ഞു..

അടിയുടെ ആഘാതത്തില്‍ കണ്ണടച്ച് പോയ എസ് ഐ കണ്ണ് തുറന്നു.. നേരെ മുന്നില്‍ ആരും ഇല്ല .. !! ഒറ്റയടിക്ക് ഇവന്മാര്‍ ആവിയായോ എന്ന ചോദ്യഭാവത്തില്‍ സുഗതന്‍ എസ് ഐ ....

കാലില്‍ പൂച്ച ഉരുമുന്ന പോലെ ഒരു അനക്കം.. എസ് ഐ നോക്കിയപ്പോള്‍ ബൈജു കാലില്‍ ഇത്തിക്കണ്ണി പടര്‍ന്നപോലെ കെട്ടിപ്പിണഞ്ഞു കിടപ്പാണ്..

അടിയുടെ മാസ്മരിക ശബ്ദം കേട്ട് നിലത്തു ഇഴയുന്ന ബൈജു പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച ...........

കൈകള്‍ രണ്ടും കുരിശില്‍ തറച്ച പോലെ വച്ചു വാസുവണ്ണന്‍ നിന്നു കറങ്ങുന്നു !!!

ഭൂമി പോലും സാങ്കല്‍പ്പിക അച്ചുതണ്ടില്‍ കറങ്ങിയിരുന്ന ആ കാലത്ത് വാസുവണ്ണന്‍ തന്റെ സ്വന്തം ഒറിജിനല്‍ തണ്ടില്‍ ഒരു നാലര വട്ടം സ്ലോമോഷനില്‍ കറങ്ങി മൂക്കും കുത്തി താഴെ വീണു !!!!

ഇപ്പൊ സംഭവത്തിന്റെ ഏകദേശം മുക്കും മൂലയും ബ്രേയ്ക്കിനു പിടികിട്ടി .. താന്‍ കാലു പിടിക്കാന്‍ വീണപ്പോള്‍ പറ്റിയതാണ്.. സുഗതന്‍ എസ് ഐ യുടെ അടി നല്ല വൃത്തിയും വെടിപ്പുമായി മാറിക്കൊണ്ടു...

ബൈജുവിന്റെ പതനത്തില്‍ മതിമറന്നു നിന്ന വാസുവണ്ണന്‍ തന്റെ നേര്‍ക്ക്‌ വന്ന ആ എസ് ഐ കൈ കണ്ടു പോലുമില്ല ..

അബദ്ധം പറ്റിയത് പ്രമാണിച് സുഗതന്‍ എസ് ഐ യും സംഘവും ഉടന്‍ തന്നെ രണ്ടിനേം അവിടെ വിട്ടിട്ട് അടുത്ത ലൊക്കേഷന്‍ തപ്പിപ്പോയി ! പാവം ബൈജു വാസുവണ്ണനെ എഴുന്നേല്‍പ്പിക്കാന്‍ പാഴ്ശ്രമവും തുടങ്ങി..

ബോധം തെളിയാന്‍ ഒന്നര മണിക്കൂര്‍ എടുത്തത്രേ ... .. !!

* * * *

നാലു ദിവസത്തേക്ക് വാസുവണ്ണനെ ആരും വീടിനു പുറത്തു കണ്ടില്ല..

അഞ്ചാം ദിവസം - സ്വന്തം സൈക്കിള്‍ ഓടിച്ചു നാട്ടിലൂടെ പോകുന്ന ലിഫ്റ്റ്‌ വാസുവിന് നാട്ടുകാര്‍ ചെറിയ മാറ്റത്തോട് കൂടിയ പുതിയ പേരിട്ടു

ലിഫ്റ്റടി വാസു ! എന്നുവച്ചാല്‍ 'ലിഫ്റ്റ്‌ പോയി അടി കൊണ്ടവന്‍ വാസു ' ! എന്ന്24 comments:

 1. ഹഹ സംഭവം കലക്കി, അതിനു ശേഷം വാസു ലിഫ്റ്റ് പരിപാടി നിറ്ത്തിക്കാണും അല്ലെ? മാന്‍പേടയെ കണ്ട സിംഹത്തെപ്പോലെ സുഗതന്‍ എസ് ഐ സന്തോഷം ലിത് എനിക്കിഷ്ടായി

  ReplyDelete
 2. ഹ ഹ ഹ ഞാന്‍ ഒന്നു ചിരിക്കട്ടെ ,, എന്നിട്ടാവാം തേങ്ങയടി..

  കൊലകൊമ്പാ അടിപൊളി ലിഫ്റ്റിനു കിട്ടിയ പോലുള്ള അടിയല്ല ശരിക്കും അടിപൊളി. കുറേ നേരം ചിരിക്കാനുള്ള വക കിട്ടി. ഹ ഹ ഹ

  ReplyDelete
 3. കിട്ടേണ്ടത് കിട്ടിയപ്പോള്‍ വാസുവണ്ണന്റെ ബുദ്ധി തിളിയുകയും ചെയ്തു, പിന്നെ സൈക്കിളൊരെണ്ണം വാങ്ങുകയും ചെയ്തു അല്ലേ.. ഇപ്പോള്‍ അദ്ദേഹം മറ്റാര്‍ക്കെങ്കിലും ലിഫ്റ്റ് കൊടുക്കാറുണ്ടോ?

  ReplyDelete
 4. ലിഫ്റ്റടി വാസു! നല്ല പേര്...

  ReplyDelete
 5. സംഭവം നന്നായി .ഒന്നുകൂടി രസകരമായി അവതരിപ്പിക്കാമായിരുന്നു. ഒരു മിഴിവില്ലാത്തതു പോലെ

  ReplyDelete
 6. "ഫോട്ടോ ഫ്രെയിം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഉന്തി നില്‍ക്കുന്ന രണ്ടു മുയല്‍പ്പല്ലുകള്‍ ആണ് പുള്ളിയുടെ അടയാളം ..."

  ഹ ഹ ഹ... കലക്കീ.. എന്താ പ്രയോഗങ്ങള്‍...

  (എന്നാലും കൊമ്പന്‍റെ ആ റേഞ്ചില്‍ എത്തിയില്ലാട്ടോ..)

  ReplyDelete
 7. അടിപൊളി.. ഹെയ്‌ ഈ ലിഫ്റ്റടി വാസും ഞാൻ അല്ല...സൂപ്പർ ആയട്ടോ.. ചിരിപ്പിച്ചു..

  ReplyDelete
 8. കലക്കി !
  ഭഗവതി പിണങ്ങാതിരിക്കാന്‍ ബ്രേക്ക് ഡാന്‍സ്‌ ! അതൊരു നല്ല വഴിപാടാനല്ലോ ?!

  ReplyDelete
 9. ലിഫ്റ്റ്‌ വാസു നന്നായിട്ടുണ്ട്,കലക്കി .

  ReplyDelete
 10. @Pd: വാസു ഇപ്പോഴും എന്റെ നാട്ടില്‍ ഉണ്ട്.. ആള്‍ക് നല്ല വയസായി !
  @ഹംസ : നന്ദി ട്ടോ ഹംസേ
  @കൊച്ചു മുതലാളി : പുള്ളി സ്വന്തം സൈക്കിള്‍ ഇല്‍ ആര്‍ക്കും ലിഫ്റ്റ്‌ കൊടുക്കുന്നത് കണ്ടിട്ടില്ല ഇത് വരെ
  @ശ്രീ : അതെ ശ്രീ ..
  @Erakkadan : നന്ദി ഏറക്കാടാ .. എനിക്കും തോന്നിയിരുന്നു !
  @Sumesh : താങ്ക് യൂ സുമേഷേ.. [ഈ പാവം കൊമ്പനും റെയ്ന്‍ജ്ജോ.. ദൈവമേ ഞാന്‍ എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത് ? ഹിഹി ]
  @manoraj : നന്ദി മനോ ..ഇനിയും വരണംട്ടോ
  @തെച്ചിക്കോടന്‍ : ഉള്ളതാ.. പുളിയുടെ ഡാന്‍സ് ആരും സമ്മതിക്കാറില്ല നാട്ടില്‍.. കണ്ടു കണ്ടു മടുത്ത ഐറ്റം.. എനാലും പാവം കരഞ്ഞു കാലു പിടിച്ചു എല്ലാ വര്‍ഷവും നടത്തും
  മഹേഷ്‌ ™: നന്ദി അണ്ണാ

  ReplyDelete
 11. ഒരു നന്ദി എനിക്കില്ലേ കൊമ്പ ! :) ബ്ലോഗൊന്നും ഇല്ലാത്ത പാവം വായനക്കാരനായ ഞാന്‍ അവര്‍ണ്ണനാണോ :) :) :)

  ReplyDelete
 12. @ഷാജി.കെ

  ഷാജീ... ഷാജിക്ക് ഒന്നല്ല ഒരായിരം നന്ദിയുണ്ട്..
  അപ്പോള്‍ ഞാന്‍ അത് എഴുതുമ്പോള്‍ ഷാജിയുടെ കമന്റ് അതില്‍ വന്നിട്ടില്ലായിരുന്നു. പിന്നെയാണ് കണ്ടത് ! :-(
  ബ്ലോഗ്‌ ഒന്നും ഇല്ലാത്ത ഷാജി സപ്തവര്‍ണങ്ങളില്‍ തിളങ്ങി നില്‍ക്കുവാണ്ട്ടോ ..
  വീണ്ടും വീണ്ടും നന്ദി !
  (ഷാജിയുടെ ഇമെയില്‍ ഐ ഡി കാണുന്നില്ല.. ഇല്ലെങ്കില്‍ ഞാന്‍ ഒരു മെയിലും അയച്ചേനെ :-) )

  ReplyDelete
 13. കൊമ്പ നന്ദി , നന്ദിയോ മറുപടിയോ പ്രതീക്ഷിച്ച് അല്ല കമന്റ്‌ ഇടുന്നത് ,ചിലതു വായിക്കുന്നു കമന്റ്‌ ഇടാന്‍ തോനുന്നതില്‍ ഇടുന്നു അത്രമാത്രം.ഇതൊരു തമാശ പോസ്റ്റ്‌ ആയതിനാല്‍ നന്ദി ഇല്ലേ തമാശ ആയി ചോദിച്ചതാണ്.:)

  ReplyDelete
 14. പാവം വാസു അണ്ണന്‍ ....ഓരോ അടി വരുന്ന വഴിയെ .....കലക്കി ട്ടോ......

  ReplyDelete
 15. "ബൈജുവിനോളം ഫേമസ് ആണ് പുള്ളിയുടെ സ്കൂട്ടറും.. സര്‍ക്കസ്സുകാരുടെ വണ്ടി മാതിരി ഒരു നാലഞ്ചു കളര്‍ പെയിന്റ് ഒക്കെ അടിച്ച ഒരു പഴയ പന്നാസ് ലാമ്പി!"

  ലാമ്പി, എന്നുള്ളം നിറക്കുന്നു ഉദീപ്തമാം നിന്‍ സ്മരണകള്‍!
  നന്നായിരിക്കുന്നു, കൊലകൊമ്പാ!

  ReplyDelete
 16. "ചെര്‍പ്പില്‍ക്കാവിലെ ഉത്സവത്തിന്‌ ബ്രെയ്ക്കിനിറെ ഒരു ഡാന്‍സ് ഇല്ലെങ്കില്‍ ഭഗവതി പിണങ്ങും എന്നാണു പ്രശ്നം വയ്ക്കല്‍ നടത്തുന്ന മാധവക്കണിയാന്‍ പറഞ്ഞിട്ടുള്ളത് പോലും ! "


  "...സ്വന്തം ഒറിജിനല്‍ തണ്ടില്‍..."

  കലക്കി ട്ടാ..
  കൊമ്ബാ ....കൂപിലെ പണിയ്ക് ഇടയില്‍ ഇതിനും സമയം കിട്ടി, അല്ലെ ? മിടുക്കന്‍ !!!!
  ഇല്ലെങ്കില്‍ ഞാന്‍ ഒരു മെയിലും അയച്ചേനെ :-) - അത്രയ്ക് വേണോ ?

  ReplyDelete
 17. കൊമ്പന്‍ ചോദിക്കുന്നു "എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)
  ഇനിയും ഇനിയും എഴുതണമെന്ന്‌ ഞാന്‍ പറയുന്നു.
  ഇതും കലക്കി കൊമ്പാ.

  ReplyDelete
 18. ലിഫ്റ്റ്‌ വാസുവും
  ലാമ്പി ബൈജുവും
  കലക്കി

  ReplyDelete
 19. ഹി ഹി .. കലക്കി ട്ടോ . ഇഷ്ടായി

  ReplyDelete
 20. ഈ അടി എന്നേ..കിട്ടണമായിരുന്നു
  കിട്ടേണ്ടത് കിട്ടിയാല്‍ ഏതു ലിഫ്റ്റ് വാസുവും നന്നാവും
  നന്നായിട്ടുണ്ട് ശരിക്കും ചിരിപ്പിച്ചുട്ടോ..

  ReplyDelete
 21. ആഹാ.. കൊള്ളാലോ കൊമ്പാ.. :)
  ആ കൂതറ എസ് ഐക്കിട്ട് രാത്രി ഒന്നു പൊട്ടിച്ചലോ??
  എന്നിട്ടെന്താ കാര്യം ല്ലേ.. കൊമ്പനു വീണ ‘ലിഫ്റ്റടി വാസു’ ന്നാലും മായ്ഓ.. :)

  ReplyDelete
 22. "പെട്രോള്‍ അടിച്ചാണ് സാര്‍ വണ്ടി ഓടിക്കുന്നത്"

  ഇഷ്ടായി !!

  ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)