Tuesday, March 2, 2010

ഊട്ടുപുരയിലെ യക്ഷി - ഒടുക്കം !!!

യക്ഷിയുടെ ഊട്ടുപുര പദ്ധതിയുടെ 'നടു'ഭാഗം ഇവിടെയുണ്ട്

കോണിയില്‍ നിന്നും താഴെ ഇറങ്ങിയാല്‍ ചിലപ്പോള്‍ പിന്നീട് ഊഴം കിട്ടിയെന്നു വരില്ല.. താഴെക്കിടന്നു മറ്റവന്മാര്‍ ' നീ മാറ് , ഇനി ഞാന്‍ കാണട്ട് ' എന്ന ഇന്‍ ഹരിഹര്‍നഗര്‍ ലൈന്‍ പിടിച്ചു തുടങ്ങി.. എന്ത് ചെയ്യണം എന്നു ആലോചിച്ചു നിന്നപ്പോഴേക്കും സുകു കോണിയില്‍ കാലെടുത്തു വച്ചുകഴിഞ്ഞിരുന്നു..

"എടാ ആക്രാന്തമേ, ഇവിടെ ഒന്നും ആയില്ല " ഞാന്‍
"എനിക്ക് അത്രേം ആയതു മതി " സുകു..

പണ്ടേ ദുര്‍ബല , ഞാന്‍ കയറി നിന്നതോട് കൂട് ഗര്‍ഭിണി എന്ന അവസ്ഥയില്‍ നില്‍ക്കുന്ന കോണിയില്‍ അവനും ചവിട്ടിക്കയറി..അവന്റെ തല കയറ്റാന്‍ ഇടം ഇല്ല..

വലിഞ്ഞു കയറിയ സുകു ഒരു കൈ കോണിയില്‍ പിടിച്ചു കൊണ്ട് മറ്റേ കൈ കൊണ്ട് മൂന്നാമത്തെ ഓടു ഇളക്കി മാറ്റി..

"ഹയ്യോ ഹമ്മേ ഹമ്മച്ചിയേ" ..

കോണിയില്‍ പിടിച്ചിരുന്ന കൈ കൊണ്ട് സുകു സ്വന്തം കവിളില്‍ ആഞ്ഞടിക്കുന്നു.. മറ്റേ കൈ കൊണ്ട് മറ്റേ സ്വന്തം കവിളില്‍ ആഞ്ഞടിക്കുന്നു.. കോണിയിലെ പിടി വിട്ടതോടെ അലച്ചും കെട്ടി താഴോട്ട് വീഴുന്നു !! എല്ലാം ഞൊടിയിടയില്‍ നടന്നു !

എനിക്ക് ഒന്നും മനസിലായില്ല.. ആര്‍ക്കും !! ഞാന്‍ ചാടിയിറങ്ങി.. എന്താണ് സംഭവിച്ചത് എന്നറിയാണ്ട് വായും പൊളിച്ചു നിന്ന മണിയുടെ ഊഴമായിരുന്നു അടുത്തത്.. മുഖത്ത് കയ്യും പൊത്തി അവനും അലറുന്നു.. പിന്നെ എല്ലാം പടപടാന്നായിരുന്നു.. ഓരോരുത്തരായി മാറി മാറി സ്വയം അടി തുടങ്ങി.. ഒപ്പം കരച്ചിലും ബഹളവും..

ദൈവമേ യക്ഷി ! ഇത് യക്ഷി തന്നെ എന്നു മനസ്സില്‍ വിചാരിച്ചു തീരും മുന്‍പേ എനിക്കും കിട്ടി ഒരെണ്ണം.. അയ്യോ ! തിരയെണ്ണിപ്പോയി !!

സിറിന്ജ് കൊണ്ട് കുത്തണ പോലത്തെ വേദന.. എല്ലാരും ഊട്ടുപുരയുടെ ഉള്ളില്‍ കിടന്നു മരണവെപ്രാളം കാണിക്കുന്നു..
ഭഗവതീ.. എന്തായിത് ?

മൂന്നു നാലഞ്ചു ആറു നിമിഷം കഴിഞ്ഞപ്പോള്‍ സംഭവം മനസ്സിലായി..

"കടന്നലാടാ കടന്നല്‍ !! " മണി അലറി !

സുകു മാറ്റിയ ഓടിന്റെ ഇടയിലായിരുന്നു ആ ബ്ലഡി പ്രാണികള്‍ കൂടും കുടുംബവുമായി കഴിഞ്ഞിരുന്നത് ....!!!

ഈശ്വരാ പണി പാളി.. എന്ത് ചെയ്യും .. ഓടി ഇറങ്ങാനും പറ്റില്ല
, ഇറങ്ങി ഓടാനും പറ്റില്ല !! .. ഏതു വഴി എങ്ങോട്ടോടാന്‍ ?
എല്ലാവന്മാരും തച്ചിന് കുത്ത് കൊള്ളുവാണ് .. വെറും പരാക്രമം.. വാഗണ്‍ ട്രാജഡി ഒക്കെ മനസ്സില്‍ മിന്നി മറയുന്നു !!
'ഇംഗ്ലീഷ് സിനിമ പോലെ' എന്നു ആദ്യം പറഞ്ഞത് തിരിച്ചെടുത്തു ഞാന്‍ ! ആദ്യം കണ്ടത് വെറും അവാര്‍ഡ്‌ ഭോജ്പൂരി പടം.. ഇംഗ്ലീഷ് പടം വരാന്‍ പോകുന്നേയുള്ളൂ ..

ഊട്ടുപുരയുടെ പുറത്തു നിന്നുള്ള ആംഗിള്‍ ! ഉള്ളില്‍ എന്തൊക്കെയോ ബഹളങ്ങള്‍ ..
പെട്ടന്ന്.. അതാ കുളക്കടവിന്റെ വശത്തുള്ള ജനല്‍ വെടിയുണ്ട തെറിക്കും പോലെ ഒരു മൂന്നു നാല് മീറ്റര്‍ അകലേയ്ക്ക് തെറിക്കുന്നു..


കടന്നലിന്റെ കുത്ത് കൊള്ളുന്നതിനിടയ്ക്കും ഞാന്‍ കണ്ടു.. സനല്‍ എന്ന കൊളുത്ത് പറന്നു ചെന്നു ജനലിന്റെ ഒറിജിനല്‍ കൊളുത്ത് നോക്കുക പോലും ചെയ്യാതെ ആഞ്ഞൊരു ചവിട്ട്.. ജനല്‍ പറന്നു അപ്പുറത്തെ പൊന്തക്കാട്ടില്‍ ..

ഐറോണിക് !!! പിഞ്ചു കുഞ്ഞിനെ എടുക്കുന്ന പോലെ മൃദുലമായി ലാളിച്ചു കൊന്ജിച്ചു അവന്‍ എടുത്തു ഫിറ്റ്‌ ചെയ്ത ജനലാണ് ആ പറക്കുന്നത്...
സാഹചര്യം മനുഷ്യനെ ക്രൂരനാക്കും എന്നു പറയുന്നത് എത്ര അര്‍ത്ഥവത്താണ് !

രേഷ്മയുടെ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാനുള്ള ബഹളത്തെക്കാള്‍ ഭയങ്കര ഇടിയാണ് പിന്നെ അവിടെ നടന്നത്.. ഒരു വ്യത്യാസം മാത്രം.. ഇവിടെ അകത്തു കയറാനല്ല , പുറത്ത് ഇറങ്ങാനാണ് ഇടി !

ഒരു കണക്കിന് എല്ലാവരും പുറത്തിറങ്ങി.. ഊവാ ... കടന്നല്‍സ് ഉണ്ടോ വിടുന്നു.. ജനിച്ചിട്ട് ഇന്ന് വരെ ഒരു മനുഷ്യനെ കാണാത്ത ആര്‍ത്തിയോടെ വീണ്ടും വീണ്ടും പറന്നു കുത്തുന്നു !! ഇവറ്റകള്‍ക്കൊന്നും അച്ഛനും ആങ്ങളമാരും ഇല്ലേ എന്നു വരെ തോന്നിപ്പോയി ! അമ്മാതിരി കുത്ത് !

തേനീച്ചയും കടന്നലും ഒക്കെ കുത്താന്‍ വന്നാല്‍ രക്ഷപെടാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ... വെള്ളത്തില്‍ മുങ്ങിക്കിടക്കുക ! ബുദ്ധി വേറെ ആര്‍ക്ക് തോന്നാന്‍ ? അവിടെയും ഞാന്‍ തന്നെ ഇടപെട്ടു..

"എടാ.. എല്ലാരും വെള്ളത്തില്‍ ചാടിക്കോ.. ഇല്ലേല്‍ കുത്ത് കൊണ്ട് ചാവും... " - ഞാന്‍ വിളിച്ചു കൂവി

ഊട്ടുപുരയ്ക്കും കുളത്തിനും ഇടയില്‍ ചെറിയ ഒരു കയ്യാല ഉണ്ട്.. കുളത്തിലേക്ക് ചാടണമെങ്കില്‍ ആദ്യം അത് ചാടിക്കടക്കണം..എല്ലാവരും കയ്യാല ലക്ഷ്യമാക്കി ഓടി.. ഞങ്ങള്‍ അഞ്ചു പേരും നല്ല വൃത്തിയായി അത് ചാടിക്കടന്നു.. പിറകെ വന്ന ടെറര്‍ സുനി ആദ്യമായാണ്‌ അവന്റെ തടി വച്ച് അങ്ങനെ ഒരു സാഹസം ചെയ്യാന്‍ പോകുന്നത്.. അവന്റെ മനസ്സ് നല്ല ഉയരത്തില്‍ തന്നെ ചാടി.. എന്നാല്‍ ശരീരം പകുതിയേ ചാടിയുള്ളൂ.. കയ്യാലയുടെ മുകളില്‍ മുണ്ട് കുടുങ്ങി ..

മുണ്ട് അവിടുന്ന് പറിച്ചെടുക്കാന്‍ ശ്രമിക്കുന്ന സുനിയെയാണ് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത്..
" എടാ , നില്‍ക്കല്ലേ, ഓട്, വേഗം വെള്ളത്തില്‍ ചാടെടാ .. മുണ്ട് പിന്നെ എടുക്കാം " ചാവുന്നതിലും ഭേദം മാനം പോകുന്നത് തന്നെ എന്നു കരുതി ഞാന്‍ വിളിച്ചു പറഞ്ഞു.. കടന്നലിന്റെ കുത്ത് സഹിക്കാന്‍ വയ്യാതെ സുനി മുണ്ട് അവിടെ ഉപേക്ഷിച്ചു ഓട്ടം തുടര്‍ന്നു..

ഓടിപ്പോയി കുളത്തിലേക്ക് എടുത്തു ചാടുന്നത് ഞങ്ങള്‍ക്ക് പുതുമയുള്ള കാര്യമല്ല.. അത് കൊണ്ട് ഞങ്ങള്‍ക്കിത് വളരെ ഈസിയായിരുന്നു... പക്ഷെ അത് ഞങ്ങളുടെ കടവില്‍ !! പെണ്ണുങ്ങളുടെ കടവില്‍ നിന്നിരുന്നവര്‍ എല്ലാരും ഈ ബഹളം കണ്ട് തിരിഞ്ഞു നോക്കി.. അവര്‍ക്ക് ഇത് പുതുമയുള്ള കാഴ്ച തന്നെയായിരുന്നു..

ഗടാഗടിയന്‍മാരായ ആറു യുവാക്കള്‍ അവരുടെ നേര്‍ക്ക് പാഞ്ഞു വരുന്നു.. അതില്‍ ഒരുത്തന് മുണ്ട് പോലുമില്ല.. കലികാലമല്ലേ.. ഓടി വരുന്നവന്റെ ഉദ്ദേശം എന്തു വേണമെങ്കിലും ആവാമല്ലോ...
അമ്മച്ചിമാര്‍ കലിപ്പായി നോക്കുന്നു.. തരുണീമണികള്‍ ചെറിയ പേടിയോടെയും ( 'പ്രതീക്ഷയോടെ' എന്നു സജിയുടെ വേര്‍ഷന്‍ ) തുറിച്ചു നോക്കുന്നു.. ചിലര്‍ കരയാന്‍ പോകുന്ന പോലെ ഒക്കെ 'അഭിനയിക്കുന്നു' ..
അല്ലേലും ചെറിയ കാര്യങ്ങള്‍ എക്സാജെരയ്റ്റ് ചെയ്യുന്നത് പെണ്‍പിള്ളേരുടെ ഒരു ഹോബി ആണല്ലോ ... ആകെ പ്രശ്നമയം !

സിറ്റുവേഷന്‍ മനസ്സിലായിട്ടാണോ എന്തോ , ഒന്ന് രണ്ടു കടന്നലുകള്‍ എനിക്ക് എന്തായാലും ഒരു ഉപകാരം ചെയ്തു.. മുഖത്ത് തന്നെ നല്ല ഭംഗിയായി കുത്തി.. അത് കൊണ്ട് എനിക്ക് മുഖം പൊത്തി ഓടാന്‍ പറ്റി..കുത്ത് കൊള്ളുന്ന സ്ഥലം പൊത്തി സുനി ഒഴികെയുള്ളവന്മാരും ഓടുന്നു. മുണ്ട് പറിഞ്ഞു പോയി അണ്ടന്‍ മാത്രം ഇട്ടു കൊണ്ട് ഓടുന്ന ടെറര്‍ മാത്രം എവിടെ കുത്ത് കൊണ്ടിട്ടും ഒരു സ്ഥലം മാത്രം പൊത്തി ഓടുന്നു. തരുണികള്‍ ഞങ്ങളെ തിരിച്ചറിയരുതെ എന്നു മാത്രമായിരുന്നു എല്ലാവരുടെയും പ്രാര്‍ത്ഥന !

ഞങ്ങള്‍ കടവിനോട് അടുക്കുന്തോറും തരുണികളുടെ ബഹളം ഉച്ചത്തിലായി.. എന്ത് കഷ്ട്ടമാണെന്ന് നോക്കണേ ! മനുഷ്യന്‍ ഇവിടെ ജീവന്മരണപ്പോരാട്ടം , അപ്പോഴാണ്‌ അവളുമാരുടെ അഭിനയം !

എന്തായാലും കടവില്‍ ഇറങ്ങാന്‍ പറ്റില്ല.. ഞങ്ങള്‍ ആറു പേരും കടവിന് മുന്നിലൂടെ ആരെയും ശ്രദ്ധിക്കാതെ ഒരേ ഓട്ടം.. ഇത് കണ്ട് അവിടെ നിന്നവര്‍ വാ പൊളിച്ചു നില്‍ക്കുന്നു.. ഇപ്പൊ അവര്‍ ഒച്ചപ്പാടൊക്കെ നിര്‍ത്തി ചിരി തുടങ്ങി ! വലിയ ആറു തേങ്ങാ വെള്ളത്തില്‍ വീഴുന്നത് പോലെ എല്ലാവരും വരി വരിയായി പോയി വെള്ളത്തില്‍ ചാടി..

കളി നമ്മുടെ അടുത്തോ ? കുളത്തിന്റെ പകുതി വരെ മുങ്ങി നീന്തി പരിചയമുള്ള ഞങ്ങള്‍ക്ക് എങ്ങിനേം തല വെള്ളത്തിന്‌ മീതെ പൊക്കാതെ മറുവശം വരെ മുങ്ങി നീന്താം എന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു.. ചാടിയ വഴി മുങ്ങി നീന്തുകയും ചെയ്തു..

അങ്ങനെ ഒരുപാട് നീന്തി..
ശ്വാസം മുട്ടി ചാവുന്ന സ്ഥിതിയായി.. ഭാഗ്യം.. നില കിട്ടി തുടങ്ങി .. ഞാന്‍ തല പൊക്കി.. ഒപ്പം പിറകെ നീന്തി വന്ന മൂന്നു തലകളും പൊങ്ങി !

ഭഗവതീ.. അടുത്ത പരീക്ഷണം.. ഇത്തവണ കരഞ്ഞത് ഞങ്ങള്‍ നാലു പേരാണ്.. കുളത്തില്‍ ചാടിയ വഴി കണ്ണും പൂട്ടി മുങ്ങി നീന്തിയ ദിശ മാറിപ്പോയി.. ഞാനും സജിയും സുകുവും മണിയും നീന്തി എത്തിയത് തരുണികളുടെ കടവില്‍ .. അവിടെ നില്‍ക്കുന്ന തരുണികള്‍ ചിരിയോടു ചിരി... അമ്മച്ചിമാര്‍ തെറിയോടു തെറി.. ചാണകത്തില്‍ ചവിട്ടിയിട്ട് 'അയ്യേ' എന്നു പറഞ്ഞു നില്‍ക്കുന്നവന്റെ തലയില്‍ കാക്ക കാഷ്ട്ടിച്ച അവസ്ഥയിലായി ഞങ്ങള്‍ !

തിരിഞ്ഞു നോക്കി.. മറ്റവന്മാര്‍ രണ്ടു പേരും മറുകര പുല്‍കാറായി !! ഞങ്ങള്‍ക്ക് ഇനി തിരിച്ചു നീന്താനുള്ള ശേഷി ഇല്ല..
രണ്ടും കല്‍പ്പിച്ചു പടവുകളിലൂടെ വലിഞ്ഞു കയറി ചെവിയും പൊത്തി ഞങ്ങള്‍ വച്ചു പിടിച്ചു !!


വലിയ ആ ദുരന്തത്തിന്റെ പ്രമുഖ ബാക്കിപത്രമായത് ഞങ്ങള്‍ നാലു പേര്‍ .. കുറച്ചു നാള്‍ എങ്ങോട്ടെങ്കിലും മാറി നില്‍ക്കാമെന്നു പറഞ്ഞു മണി കുറച്ചകലെയുള്ള അവന്റെ വലിയമ്മയുടെ വീട്ടിലേക്ക് പോയി.. സുകു അവന്റെ അമ്മാവന്റെ തടിക്കൂപ്പിലെക്കും പോയി..
ഞാനും സജിയും ബാക്കി.. ഞങ്ങള്‍ക്ക് എങ്ങോട്ടും പോകാനില്ല.. പോകാന്‍ ഒരിടവും ഇല്ല
അത് കൊണ്ട് ,

ഞങ്ങള്‍ ഒരു സിനിമയ്ക്ക് പോയി !! !! !!


***********************************************************

നന്ദിപ്രകാശനം : അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും ഈ കൊലകൊമ്പന്റെ പുറത്തു ഒരു സവാരി ഫ്രീ.. ഇനി അഭിപ്രായം അറിയിക്കാനുള്ളവര്‍ എത്രെയും പെട്ടന്ന് ചെയ്യുക.. അല്ലെങ്കില്‍ ചിലപ്പോള്‍ എനിക്ക് മദം പൊട്ടും ! പിന്നെ ഈ കമന്റ് ബോക്സ്‌ ഒക്കെ അടച്ചു പൂട്ടി ചിലപ്പോ ഞാന്‍ വേറെ ഒരു പോസ്റ്റ്‌ എഴുതി നിങ്ങളെ കുത്തിക്കൊല്ലും !!

24 comments:

 1. അവസാനം മാനം പോയതു മിച്ചം അല്ലേ?

  രസകരമായി എഴുതി. അവസാനം ആരുടേയെങ്കിലും കയ്യില്‍ നിന്ന് കണക്കിന് മേടിയ്ക്കും എന്നാണ് കരുതിയത്. അത് പക്ഷേ കടന്നലുകളുടെ കയ്യില്‍ നിന്നാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല

  ReplyDelete
 2. ഒന്നാം ഭാഗത്തിനെക്കാൾ നന്നായിരിക്കുന്നു രണ്ടാം ഭാഗം

  ReplyDelete
 3. സൂപ്പര്‍.......ചിരിച്ചു ചിരിച്ചു മനുഷ്യന്റെ എടവാട് തീര്‍ന്നു ..............

  ReplyDelete
 4. സ്പാറി മച്ചു..സ്പാറി..കാത്തിരുപ്പ് വെറുതെ ആക്കിയില്ല..

  ReplyDelete
 5. ഹഹഹ, എല്ലാം കണ്ടോണ്ട് മൊളിലൊരാളുണ്ടെന്ന് ഓറ്ക്കണായിരുന്നു,
  അമ്മച്ചിമാര്‍ കലിപ്പായി നോക്കുന്നു.. തരുണീമണികള്‍ ചെറിയ പേടിയോടെയും ( 'പ്രതീക്ഷയോടെ' എന്നു സജിയുടെ വേര്‍ഷന്‍) ഇതു കൊള്ളാം ഓണത്തിനിടയിലും പൂട്ട് കച്ചവടം

  ReplyDelete
 6. കൊലകൊമ്പാ,
  ചിരിച്ചു മനുഷ്യന്റെ കുംമ്പ് വാടി.
  നിങ്ങളോടുന്നത് ഞാനിവിടെയിരുന്നു കണ്ടു.
  അത്ര നല്ല വിവരണം.

  ReplyDelete
 7. പൊന്നു 'കൊല'കൊമ്പാ..
  അലക്കി മറിച്ചുഷ്ടാ ..
  അവസാനം കടന്ന(ലാ)ക്രമണം ആണെന്ന് തീരെ നിരീച്ചില്ല്യാ...
  ചിരിച്ച്‌ പണ്ടാരടങ്ങി...

  ReplyDelete
 8. ഇനിയെങ്കിലും ഒരല്പം ഡീസന്റ് ആവുന്നത് നല്ലതാ:)

  ReplyDelete
 9. ഹ ഹ,,,, ചിരിക്കതെ വയ്യ…

  കടന്നലിന്‍റെ പരാക്രമം ഒരിക്കല്‍ അനുഭവിച്ച ഓര്‍മ വന്നു ,,,

  നന്നായിരിക്കുന്നു.

  ReplyDelete
 10. chirikkan kure undayirunnu.. veendum varatto..

  ReplyDelete
 11. എന്റെ അമ്മോ ചിരിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി ഹിഹിഹി എന്റെ ചിരി കണ്ടു സായിപ്പന്മാര് എന്നതാ കാര്യം എന്ന് ചോദിച്ചു ഞാന്‍ എന്നാ പറയാന്‍ എങ്ങനെ പറഞ്ഞു മനസ്സില്‍ ആക്കും ഹിഹിഹി തകര്‍ത്തുമാഷെ

  ReplyDelete
 12. super yar chirichu chirichu oru vithamayi

  ReplyDelete
 13. ഹ ഹ ഞാനാ മുണ്ട് പോയവനെക്കുറിച്ച് ആലോചിക്കുകയായിരുന്നു.... അവന്റെ കാര്യമാണ് കഷ്ട്ടം!!!

  ന്തായാലും കലക്കി... ഇസ്തപ്പെട്ടു

  ReplyDelete
 14. കൊലകൊമ്പ കുത്തി കൊല്ലെന്നെ :)

  ReplyDelete
 15. അവസാനത്തെ നന്ദി പ്രകാശനം വായിച്ച് ആനന്ദപുളകിതനായതുകൊണ്ടാ ഞാനീ കമന്റിടുന്നത്.
  അല്ലാതെ പേടിച്ചിട്ടൊന്നുമല്ല.
  മനസ്സിലായോ? പേടിയോ, എനിക്കോ... ഹേയ്! ലേശം ഭയം മാത്രം!

  തകർപ്പൻ ഒർമ്മകൾ!

  ReplyDelete
 16. അടിപൊളി..ഒരു ഹാസ്യ സിനിമ കണ്ട പ്രതീതി..
  കൊമ്പനാളൊരു കൊലകൊമ്പന്‍‌ തന്നെ!!
  ഒരു പോസ‌റ്റീവ് എന‌ര്‍ജിയുമായി ഞാന്‍ തിരിച്ച് പോകുന്നു. ഇനി അടുത്ത എപ്പിസോഡ് വായിക്കാന്‍ വരാം.

  ReplyDelete
 17. നല്ല രസമായെഴുതി.
  നര്‍മ്മങ്ങളൊക്കെ നന്നായിരിക്കുന്നു.
  അവസാനം കടന്നല്‍ ആയിരിക്കും താരമെന്ന് തീരെ പ്രതീക്ഷിച്ചില്ല.

  ReplyDelete
 18. നീയെന്താടാ ചേന വരയ്ക്കുന്നോ " എന്റെ ഭാവം കണ്ടു കോട്ടമാങ്ങയുടെ കമന്റ്‌ .. അല്ലേട മ..മ... മാങ്ങേ , ഞാന്‍ മനസ്സില്‍ പറഞ്ഞു.. അങ്ങേരുമായി ഞങ്ങള്‍ പയ്യന്മാര്‍ പണ്ടേ കലിപ്പാ.. അത് വേറെ കഥ !

  എനിക്ക് അന്ന് ഇരട്ടപ്പേര് ഇല്ല .. പിന്നെയാണ് കിട്ടിയത്.. അത് വേറെ ഒരു ഡെസ്പ് കഥ !

  ഈ രണ്ടു കഥയും ഞങ്ങളോട്‌ ഇനി പറയാനുണ്ട് എന്നോര്‍മ്മിപ്പിക്കാന്‍ വീണ്ടും വന്നതാണ്‌.

  ReplyDelete
 19. ഇത് ഇന്നാ കാണുന്നെ. അപ്പോ കടന്നല്‍, കൊബന്റെ മദപാട് തീര്‍ത്തു, അല്ലെ ?

  കലക്കി ട്ടോ. ആ ലാസ്റ്റ്‌ ലൈന്‍ സൂപ്പര്‍."ഞങ്ങള്‍ ഒരു സിനിമയ്ക്ക് പോയി !! !! !! "

  ReplyDelete
 20. ഒരുക്കം ഇപ്പോഴാണ് വായിച്ചത്. രസിപ്പിച്ചു, അസ്സലായി!

  ReplyDelete
 21. എന്തിനാ കൊമ്പാ സിനിമക്ക് പോയത്.. അതിലും നല്ല റിയാലിറ്റി ഷോയല്ലേ നടന്നത്?? ഏന്തായലും സംഭവം കലക്കി.... ആശംസകള്‍.... :)

  ReplyDelete
 22. ഇപ്പോളാ കണ്ടത്‌.
  തന്റെ പേരിൽ ഒരു കേസ്‌ കൊടുത്താലോന്നാ,എന്നെ ചിരിപ്പിച്ചു കൊല്ലാറാക്കിയതിനു.
  ഹ ഹ ഹ .

  ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)