Tuesday, April 20, 2010

ചില്ലി ഡക്ക് റോസ്റ്റ്



ടവപ്പാതി തുടങ്ങിയാപ്പിന്നെ അവധി ദിവസങ്ങളില്‍ ഞങ്ങള്‍ എല്ലാരും അമരത്തിലെ അച്ചൂട്ടിമാരാണ്...

രാവിലെ എഴുന്നേറ്റ് ഫുഡിംഗ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ തോര്‍ത്ത്‌ മുണ്ടും ഉടുത്ത്‌, ചൂണ്ടയും തെറ്റാലിയും വലയും ഒക്കെ തോളത്തു വച്ചു പുഴയിലേക്ക് കെട്ടിയെടുക്കും.. ചൂണ്ടക്കോലും തോളത്തു വച്ചു വരിവരിയായി എല്ലാരും നീങ്ങുന്ന ആ കാഴ്ച കണ്ടാല്‍ മലയാറ്റൂര്‍ കുരിശു മല കയറാന്‍ കുരിശും ചുമന്നു പോകുന്നതാണെന്ന് വരെ തോന്നിപ്പോകും..

ആദ്യമൊക്കെ ഞങ്ങളുടെ ഈ യാത്ര വീട്ടുകാര്‍ വളരെ ആവേശത്തോട്‌ കൂടിയാണ് കണ്ടിരുന്നത്.. മക്കള്‍ കൊണ്ടു വരുന്ന കൊമ്പന്‍സ്രാവിനെ കറി വയ്ക്കാന്‍ റെഡി ആയി ഇരിക്കാറുള്ള ഞങ്ങളുടെ മാതാജിമാര്‍ , വൈകുന്നേരം ഞങ്ങള്‍ കൊണ്ടുക്കൊടുക്കുന്ന ഒന്നോ രണ്ടോ തുപ്പലംകൊത്തി , ഈര്‍ക്കിലി കോലായി , പരല്‍ തുടങ്ങിയ 'പടുക്കൂറ്റന്‍ ' മീനുകളുടെ ഭയാനക രൂപം കണ്ടതോടെ ആവേശമൊക്കെ പോയി ചീത്തവിളി തുടങ്ങിയിരുന്നു !

പുഴയില്‍ പോകുന്നത് കൊണ്ടു രണ്ടുണ്ട് ഗുണം എന്ന് അവര്‍ക്ക് അറിയില്ലല്ലോ.. അങ്കവും കാണാം താളിയും പറിക്കാം (കുളിസീന്‍ കാണാലോ ) എന്ന ലൈനില്‍ പുഴവക്കിലേക്കുള്ള യാത്ര ഞങ്ങള്‍ നിര്‍ബാധം തുടര്‍ന്നു..

ചൂണ്ടയിടാന്‍ (ന്ന പേരില്‍ ) ഞങ്ങള്‍ നില്‍ക്കുന്ന ചിറയിലൂടെയാണ് കടത്തുകാരന്‍ ജെയിംസിന്റെ താറാവിന്‍കൂട്ടം എന്നും റാമ്പ് വാക് നടത്തിയിരുന്നത്.. ഒരു ദിവസം അതില്‍ കാണാന്‍ കൊള്ളാവുന്ന ഒരു പൂവന്‍ താറാവ് ഫീമെയില്‍ ഡക്സിന്റെ മുന്നില്‍ ഷൈന്‍ ചെയ്യാനാണോ എന്തോ , വെറുതെ ഉറക്കം തൂങ്ങി ചൂണ്ടയിട്ടോണ്ടിരുന്ന ടെറര്‍ സുനിയെ ഒരു കാരണവുമില്ലാതെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഓടിച്ചിട്ട്‌ കൊത്തി !

അടിതെറ്റിയ സുനി പാടത്തേക്ക് ചാടി.. ചെളിയില്‍ പൂണ്ട സുനിയെ ഹെല്‍പ്പാന്‍ വന്ന ഞങ്ങള്‍ രോഷം പൂണ്ട സുനിയെ നോക്കാതെ ആര്‍ത്തി പൂണ്ട കണ്ണുകളോടെ ആ പൂവന്റെ ഇറച്ചിത്തൂക്കം നോക്കി മധുരപ്പുളി കണ്ട് നാക്കില്‍ വെള്ളം വരുന്നത് പോലെയുള്ള അവസ്ഥയില്‍ കണ്ണും മിഴിച്ചു നിന്നു...

"അവനെ റോസ്റ്റാക്കണം" സുനി പ്രതികാരദാഹിയായി ആക്രോശിച്ചു !

ആഹാ.. ഞങ്ങള്‍ ഇച്ച്ചിച്ചതും ടെറര്‍ കല്‍പ്പിച്ചതും റോസ്റ്റ് ...

പിന്നെന്തു വേണം .... വിത്തിന്‍ മിനിട്സ്, പ്ലാന്‍ റെഡി ! ജെയിമ്സ്സേട്ടന്‍ കാപ്പി കുടിക്കാന്‍ പോണ തക്കത്തിന് ലവനെ പൊക്കുക.. താറാവിന്റെ മാനറിസങ്ങള്‍ നന്നായി അറിയാവുന്ന താറാവ് സജി തന്നെ ആ ദൌത്യം ഏറ്റെടുത്തു..

ആയിടെ ടൌണില്‍ ഫാസ്റ്റ് ഫുഡ് കള്‍ച്ചര്‍ ഇന്ട്രോഡ്യൂസ് ചെയ്ത സിങ്കപ്പൂര്‍ ഗോപി ചേട്ടന്റെ അടുത്ത് നിന്നും റോസ്റ്റ് ഉണ്ടാക്കുന്ന വിധം മനസിലാക്കാന്‍ മണിയെ ഞങ്ങള്‍ ഓണ്‍സൈറ്റ് പറഞ്ഞു വിട്ടു..

ഓണ്‍സൈറ്റില്‍ നിന്നും തിരിച്ചു വന്ന മണിയുടെ കയ്യിലെ പ്രോജെക്റ്റ്‌ പ്ലാനില്‍ തക്കാളി , സവാള , തുടങ്ങിയ ലോക്കല്‍ ഐറ്റംസിന്റെ കൂടെ കോണ്‍ഫ്ലവര്‍ എന്നൊരു പേരും ഉണ്ടായിരുന്നു.. എല്ലാരും തലകുത്തി ആലോചിച്ചിട്ടും അതെന്തു പൂവ് എന്ന് മനസിലായില്ല.. നാട്ടിലെ ഏക ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിയായ അവതാക്കുഞ്ഞിന്റെ മകന്‍ ജോര്‍ജിനോടു പോയി ചോദിച്ചു.. അങ്ങനെ ഒരു ഫ്ലവര്‍ എന്തെന്ന് തികഞ്ഞ ബുജിയായ അവനും അറിയില്ല..

സംഭവം കേട്ട അവതാക്കുഞ്ഞിന്റെ പെണ്ണുമ്പിള്ളയാണ് ആ വിചിത്ര ഫ്ലവറിന്റെ ദുരൂഹത മാറ്റിയത്.. അത് പൂവും കായുമൊന്നുമല്ല , ചിക്കന്‍ ഒക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു പൊടിയാണ് എന്ന്.. എന്തായാലും ആ പൊടി ഞങ്ങളുടെ നാട്ടില്‍ കിട്ടില്ലെന്നും , പകരം കെയ്ക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബെയ്ക്കിംഗ് പൌഡര്‍ മതിയെന്നും അമ്മച്ചി പറഞ്ഞത് കേട്ടു ഞങ്ങള്‍ ഹാപ്പിയായി മടങ്ങി..

റോസ്റ്റിനുള്ള കൂട്ടുകള്‍ വാങ്ങാന്‍ പിള്ളാച്ചന്റെ പലച്ചരക്കുകടയിലെക്ക് മറ്റേ ദാഹിയായ ടെറര്‍ തന്നെ പോയി..

പിള്ളാച്ചന്‍ ! തൊട്ടുപിന്നില്‍ ഒരു കതിന പൊട്ടിച്ചാല്‍ പോലും പിള്ളാച്ചന്‍ അനങ്ങില്ല .. അമ്പോ ! അത്രയ്ക്ക് ധൈര്യമോ എന്ന് വിചാരിക്കേണ്ട.. ആള്‍ക്ക് ചെവി അല്‍പ്പം പതുക്കെയാണ്.. കഴിഞ്ഞ വിഷുവിനു പുള്ളിയെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി കടയുടെ പിന്നില്‍ നിന്നു ഞങ്ങള്‍ പടക്കം പൊട്ടിച്ചെങ്കിലും പുക പൊങ്ങുന്നത് കണ്ട് ഞങ്ങള്‍ ഒക്കെ ബീഡി വലി തുടങ്ങി എന്ന് വീട്ടില്‍ ചെന്നു പറഞ്ഞു കൊടുത്ത കക്ഷിയാണ് പിള്ളാച്ചന്‍ !

കണാരന്‍ ചേട്ടന്റെ മാട്ടം അടിച്ചു മാറ്റി സല്‍പ്പുത്രന്‍ സനല്‍ കൊണ്ടു വന്ന കള്ളു അല്‍പ്പം മോന്തിയിട്ടാണ് പ്രോഗ്രാം ആരംഭിക്കുന്നത്.. താറാവിനെ പൊക്കിയ സജി , കോര്‍ക്ക് സോഡാ തുറക്കുന്ന ലാഘവത്തോടെ അതിന്റെ കഴുത്ത് പിരിച്ച് കാലന്റെ ബസ്സില്‍ കയറ്റി വിട്ടു ! ഡ്രസ്സിംഗ് എന്ന അണ്‍ഡ്രസ്സിങ്ങും മിനുട്ടുകള്‍ക്കുള്ളില്‍ കഴിഞ്ഞു..

റോഡില്‍ നിന്നും അകലെ പാടത്തിന്റെ നടുക്കുള്ള ചിറയില്‍ ആണ് അടുക്കള.. ചേരുവകളുമായി ടെറര്‍ സുനി വരുന്നതും കാത്ത് ഞങ്ങള്‍ റോഡില്‍ നില്‍ക്കുന്നു.
അപ്പോഴാണ്‌ കൊടും മാരണം ചിറ്റപ്പന്റെ ഫ്രെണ്ട് കോട്ടമാങ്ങ അത് വഴി വന്നത് .. ടെലിഫോണ്‍ പോസ്റ്റ്‌ കണ്ടാല്‍ പട്ടിക്കു മുള്ളാന്‍ മുട്ടും എന്ന് പറയുന്ന പോലെ ഞങ്ങളെ കണ്ടാല്‍ എന്തെങ്കിലും ഒരു കൊടുക്കല്‍ വാങ്ങല്‍ നടത്തിയില്ലേല്‍ പുള്ളിയ്ക്ക് വല്യ വെഷമമാണ്...

"എല്ലാ വാനരന്മാരും ഉണ്ടല്ലോ .. വിശേഷം വല്ലോം ഉണ്ടോ ? " കോട്ടമാങ്ങ

"വിശേഷം ഒണ്ട്.. എനിക്ക് നാലു മാസം , ലവന് ആറ്‌ മാസം.. തനിക്കും വേണോ വിശേഷം ? "

കൊളുത്ത് സനലിന്റെ ഓണ്‍ ദി സ്പോട്ട് മറുപടി കേട്ടു കലിപ്പായ കോട്ടമാങ്ങ , ഞങ്ങളൊക്കെ ജനിക്കും മുന്‍പേ മണ്മറഞ്ഞു പോയ ഏതോ തെറി ഒക്കെ വിളിച്ചു കൊണ്ടു വിട്ടുപോയി ..

സുനി എത്തി.. ഞങ്ങള്‍ അടുക്കളയിലേക്ക് ചെന്നു .. ചീഫ് ഷെഫ് മണിയുടെ കയ്യിലുള്ള റെസീപ്പി വച്ചു റോസ്റ്റ് പ്രിപറേഷന്‍ ആരംഭിച്ചു.. കാര്യങ്ങള്‍ കുഴപ്പമില്ലാതെ കടന്നു പോയി .. ബെയ്ക്കിംഗ് പൌഡര്‍ കൂട് പൊട്ടിക്കും വരെ.. കൂട് പൊട്ടിച്ചപ്പോള്‍ തന്നെ ഒരു മാതിരി കുത്തുന്ന ഫ്രാഗ്രന്‍സ് അവിടാകെ പരന്നു..

"ഡേയ് , ഇത് തന്നെയാണോഡേ ബെയ്ക്കിംഗ് പൌഡര്‍ " മണി

"പിന്നെ ഉറപ്പല്ലേ.. ചിലപ്പോ അതിന്റെ മണം ഇങ്ങനെയായിരിക്കും... ഉണ്ടാക്കി കഴിയുമ്പോ ഓകെ ആവും " - ടെറര്‍

കള്ളിന്റെ പുറത്തായത് കൊണ്ട് ആരും പിന്നെ കൂടുതല്‍ ഒന്നും ആലോചിച്ചില്ല .. മണി ആവശ്യത്തിനു ബെയ്ക്കിംഗ് പൌഡര്‍ എടുത്തു കലത്തിലേക്ക് ഇട്ടു..

പിന്നെ അവിടെ കണ്ടത് നിര്‍മയുടെ പരസ്യമാണ്.. ബക്കറ്റില്‍ പത നിറയുമ്പോള്‍ പരസ്യത്തിലെ ആന്റി സന്തോഷിക്കുന്നുണ്ടെങ്കിലും , കലത്തില്‍ പത പൊങ്ങുന്നത് കണ്ട് ഞങ്ങള്‍ ഞെട്ടി.. കള്ളിന്റെ സുഗന്ധത്തെ തോല്‍പ്പിച്ചു കൊണ്ട് പതയുടെ ഗന്ധം മൂക്ക് തുളച്ചു കയറുന്നു... പുക കൊണ്ട് കണ്ണ് നിറഞ്ഞു കരച്ചിലിന്റെ വക്കിലാണ് എല്ലാരും... ആകെ പ്രശ്നം !

മണി വേഗം തന്നെ അടുപ്പിലെ തീ കെടുത്തി, പ്ലാവിലയും കോലും കൊണ്ടു ഉണ്ടാക്കിയ കലംകോരി കൊണ്ട് പതയൊക്കെ എടുത്തു കളഞ്ഞു.. എല്ലാരും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുവാണ്. വിശപ്പും ആര്‍ത്തിയും കൊണ്ട് കണ്ണ് കാണാന്‍ വയ്യ...

ചേമ്പിന്റെ ഒരു ഇല പറിച്ചു അതില്‍ ഡക്ക് റോസ്റ്റ് പകര്‍ത്തി.. ആര്‍ത്തി മൂത്ത എല്ലാരും അത് വലിച്ചു വാരി തിന്നു.. എന്തൊക്കെയോ ടേസ്റ്റ്... നാക്ക് ചൊറിയുന്നു... കണ്ണെരിയുന്നു !

"ഡേയ് , ഇത് പഴകിയ ബെയ്ക്കിംഗ് പൌഡര്‍ ആണ്.. പിള്ളാച്ചനെ തട്ടണം " പ്രതികാരത്തിന്റെ ടേസ്റ്റ് ഇങ്ങനെയായതില്‍ മനം നൊന്ത് ടെറര്‍ വീണ്ടും ആക്രോശ് !

എല്ലാവരും അത് ശരി വച്ചു .. ബാക്കിയുള്ള റോസ്റ്റ് ചിറയില്‍ തന്നെ ഒഴിച്ച് കളഞ്ഞു മണ്ണിട്ട്‌ മൂടി .. നേരെ പിള്ളാച്ചന്റെ കടയിലേക്ക് വച്ചു പിടിച്ചു !

"എടോ ഈ ബെയ്ക്കിംഗ് പൌഡര്‍നു തന്റെ പ്രായം ഉണ്ടോ ? " കവര്‍ പൊക്കിപ്പിടിച്ച് സജി പടക്കം പൊട്ടുന്ന സമണ്ടില്‍ ചോദിച്ചു..

"ഏതു ബെയ്കിംഗ് പൌഡര്‍ ? ഇവിടെ അങ്ങനെ ഒരു സാധനം വില്‍ക്കാന്‍ വച്ചിട്ടില്ലല്ലോ " പിള്ളാച്ചന്‍

"ആഹാ.. ഞങ്ങള്‍ കെയ്ക്ക് ഉണ്ടാക്കാന്‍ ഈ കോപ്പ് എടുത്തപ്പോള്‍ അതിനു ഒടുക്കത്തെ മണം.. താന്‍ നാട്ടുകാരെ കൊല്ലാനാണോ കട നടത്തുന്നത് ? "

താറാവിന്റെ കാര്യം പുറത്തു പറയാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ താറാവിനെ കെയ്ക്കാക്കി.. എന്റെ ആ ഡയലോഗ് എങ്ങനുണ്ട് എന്ന മട്ടില്‍ ഞാന്‍ എല്ലാരേം നോക്കിയപ്പോള്‍ ദാണ്ടേ 'ഏതു കെയ്ക്ക്' എന്ന മട്ടില്‍ മണി എന്നെയും നോക്കുന്നു ! ലവന്‍ ഈ രംഗം കൂടുതല്‍ വഷളാക്കുന്നതിനു മുന്പ് തന്നെ സജി കവര്‍ എടുത്തു അങ്ങേരുടെ മുന്‍പില്‍ കൊണ്ടു പോയി കാണിച്ചു..

കവര്‍ നോക്കി പിള്ളാച്ചന്‍ സ്വതവേ ഉറക്കെയുള്ള ചിരിയില്‍ ഒരു ആമ്പ്ലിഫയര്‍ കൂടി പിടിപ്പിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു..

"എടാ കണാപ്പന്മാരെ , ഇത് ബെയ്ക്കിംഗ് പൌഡര്‍ അല്ലേടാ , ബ്ലീച്ചിംഗ് പൌഡര്‍ ആണ് .. ഇത് കേയ്ക്കില്‍ ഇട്ടു തിന്നിട്ടുണ്ടേല്‍ ഇനി ഒരു മൂന്ന് നാലു ദിവസം നിന്റെയോന്നും ശല്യം ആര്‍ക്കും ഉണ്ടാവില്ല "

കര്‍ത്താവേ.. ചതിച്ചു !! ബെയ്ക്കിംഗ് പൌഡര്‍ ചോദിച്ച സുനിയുടെ കയ്യില്‍ ചെവിപ്പൊട്ടനായ ആ അലവലാതി പകരം കൊടുത്തു വിട്ടത് ബ്ലീച്ചിംഗ് പൌഡര്‍ ആണത്രേ !!

തന്നെ തന്നെ .. അത് തന്നെ . ടോയ്ലറ്റ് കഴുകാനും തൊഴുത്ത് ക്ലീന്‍ ചെയ്യാനും മാത്രം ഉപയോഗിക്കുന്ന അതേ സാധനം !

പിള്ളാച്ചനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും, ചെറുകുടലില്‍ നിന്നും വന്‍കുടലിലേക്കുള്ള ഹൈവേയില്‍ ഞങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് യാത്ര ചെയ്യുന്ന ആ ഡക്ക് ഞങ്ങളുടെ അവസ്ഥ കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് 'ബ്ലീച്ചിംഗ് പൌഡര്‍ അതിന്റെ ജോലി ആരംഭിക്കാന്‍ പോകുന്നു' എന്ന മുന്നറിയിപ്പ് തന്നതോടെ ഞങ്ങള്‍ ആറ്‌ പേരും ആറ്‌ വഴിക്ക് ചിതറിയോടി വീട് പിടിച്ചു !


ഉള്ളത് പറയാലോ.. ബ്ലീച്ചിംഗ് പൌഡര്‍ ദേണ്ടെ ഒരു ഇച്ചിരി മതി....നല്ല എഫ്ഫക്റ്റ്‌ ആണ് .


രണ്ടു ദിവസത്തേക്ക് ഞങ്ങള്‍ ആരും പരസ്പ്പരം കണ്ടില്ല !!


40 comments:

  1. (((((((((((( ട്ടേ ))))))))))))) --- തെങ്ങും കായ പൊട്ടിച്ചതാ-- ഹ ഹ കലക്കി... ചിരിപ്പിച്ചു

    ReplyDelete
  2. ഹ ഹ കലക്കി കൊമ്പാ......:):)

    ReplyDelete
  3. ഹ ഹ ഹ.. കൊലകൊമ്പാ … നല്ല പണി തന്നയാകിട്ടിയത്..!! കൂയ്,, ഹ ഹ..!!

    "വിശേഷം ഒണ്ട്.. എനിക്ക് നാലു മാസം , ലവന് ആറ്‌ മാസം.. തനിക്കും വേണോ വിശേഷം ? "

    ഇതു വായിച്ചു കുറേ ചിരിച്ചൂ ട്ടോ..!!

    ReplyDelete
  4. ഹ ഹ ഹ പൂരവിറ്റ്‌... തകര്‍ത്തു മച്ചാ..:)

    ReplyDelete
  5. നന്നായിട്ടുണ്ട് ചിരിച്ചു . തുടരൂ.

    ഷാജി ഖത്തര്‍.

    ReplyDelete
  6. കൊമ്പാ.. നീ കൊമ്പനല്ല.. വമ്പനാ കേട്ടോ.. കലക്കി..

    ReplyDelete
  7. ചെറുകുടലില്‍ നിന്നും വന്‍കുടലിലേക്കുള്ള ഹൈവേയില്‍ ഞങ്ങളെ കൊഞ്ഞനം കുത്തിക്കൊണ്ട് യാത്ര ചെയ്യുന്ന ആ ഡക്ക്

    എഴുത്തിന്റെ വശ്യതയാണ് നര്‍മ്മത്തെക്കാള്‍ എനിക്കിഷ്ടായത്.

    ReplyDelete
  8. ചിരിക്കു വക നല്‍കിയ നല്ലോരൊരു പോസ്റ്റ്ട്ടോ..
    ആദ്യം മുതല്‍ ഒടുക്കം വരെ ചിരിപ്പിച്ചു..
    വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  9. അപ്പോള്‍ ഇനി ആര്‍ക്കിട്ടേലും പണി കൊടുക്കണേല്‍ ബ്ലീച്ചിങ്ങ് പൌഡര്‍ ഉപയൊഗിച്ചാല്‍ മതിയല്ലോ കൊമ്പാ... കഥ നന്നായിട്ടുണ്ടേട്ടോ.....

    ReplyDelete
  10. കൊള്ളാം അടിപൊളി

    ReplyDelete
  11. ഇത് എവിടെത്തെ കൊബന്‍ ആണ് ..ശേ....എന്റെ കൊമ്ബാ....ആ ബസ്സ്‌ സെറ്റിങ്ങില്‍ മാറ്റ്...connected site

    ടുഷന്‍ വേണേല്‍ ചാറ്റില്‍ വാ അളിയാ.

    ReplyDelete
  12. ഉള്ളത് പറയാലോ.. ബ്ലീച്ചിംഗ് പൌഡര്‍ ദേണ്ടെ ഒരു ഇച്ചിരി മതി....നല്ല എഫ്ഫക്റ്റ്‌ ആണ് .
    അനുഭവം ഗുരു....

    ReplyDelete
  13. ഹ ഹ കലക്കി കൊമ്പാ...

    ReplyDelete
  14. ഹഹഹ കലക്കി കൊമ്പന്സ്..


    ടേയ്... ബസ്സില് പരസ്യം ഇട്ടിട്ട് നമ്പറിറക്കുന്നൊവോ.... ;)

    ReplyDelete
  15. ആറ്റില്‍ കൂടി കൊണ്ട് പോകുന്ന താറാവിനെ കാലില്‍ പിടിച്ചു വലിച്ചു വെള്ളത്തില്‍ ചവിട്ടി മുക്കി പിടിക്കും. താറാവ്കാരന്‍ പോയി കഴിയുമ്പോള്‍ പകുതി ചത്ത താറാവിനെ പൊക്കി എടുത്തു ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ വെച്ച് ശരിയാക്കി വറുത്തു തിന്നും .....പ്രായത്തിനെ തിളപ്പില്‍ കാണിക്കാത്ത വേലത്തരങ്ങള്‍ കുറവാണ് ....
    നല്ല ഒരു ഓര്‍മ്മക്കുറിപ്പ് ...കുറെ ചിരിച്ചു.....

    ReplyDelete
  16. കൊംബാ ചിരിപ്പിച്ചൂ...ചിലതൊക്കെ കടിപൊളി വിറ്റാണ്. നന്ദി! :-)

    ReplyDelete
  17. ഹഹഹ! കൊമ്പാ ലത് കലക്കി :))

    "എടാ കണാപ്പന്മാരെ , ഇത് ബെയ്ക്കിംഗ് പൌഡര്‍ അല്ലേടാ , ബ്ലീച്ചിംഗ് പൌഡര്‍ ആണ് .. ഇത് കേയ്ക്കില്‍ ഇട്ടു തിന്നിട്ടുണ്ടേല്‍ ഇനി ഒരു മൂന്ന് നാലു ദിവസം നിന്റെയോന്നും ശല്യം ആര്‍ക്കും ഉണ്ടാവില്ല"

    ReplyDelete
  18. അതുകൊണ്ട് ഉള്ളൊക്കെ ഒന്നു ശുദ്ധമായിട്ടുണ്ടാകും അല്ലെ ?!
    ബ്ലീച്ചിംഗ് പൌഡര്‍ കൊണ്ട് അങ്ങിനെയും ചില ഗുണങ്ങളുണ്ട് !
    കലക്കി കൊമ്പാ.

    ReplyDelete
  19. അതു കൊള്ളാം. അപ്പോ എല്ലാവരും കൂടെ ബ്ലീച്ചിങ്ങ് പൌഡറിട്ട് ഉണ്ടാക്കിയ ഡക്ക് റോസ്റ്റ് കഴിച്ച് വയറു കഴുകി ഡീസന്റായി ല്ലേ?

    :)

    ReplyDelete
  20. ആ സന്ദർഭം. സഹിക്കാൻ കഴിയുന്നതല്ല....
    കൊലകൊമ്പൻ ഉള്ളത് പറയാലോ നന്നായി രസിച്ചു.
    ആശംസകൾ

    ReplyDelete
  21. "ഉള്ളത് പറയാലോ.. ബ്ലീച്ചിംഗ് പൌഡര്‍ ദേണ്ടെ ഒരു ഇച്ചിരി മതി....നല്ല എഫ്ഫക്റ്റ്‌ ആണ് ."

    കലക്കി കൊമ്പാ.

    ReplyDelete
  22. കൊമ്പില്ലാത്ത കൊമ്പന്റെ ബ്ലോഗിൽ ആദ്യമായാണെന്ന് തോന്നുന്നു. നന്നായി അവതരിപ്പിച്ചു ബ്ലീച്ചിംഗ്‌ പൗഡർ പുരാണം. :)
    അപ്പോ മോഷണമായിരുന്നല്ലേ കലാപരിപാടി !!

    OT

    കൊലകൊമ്പന്റെ കൊമ്പ്‌ എവിടേ ?

    ReplyDelete
  23. നന്നായിരിക്കുന്നു കൊലക്കൊമ്പാ.....!!
    എഴുത്തിന്റെ ശൈലി കൊള്ളാം കൊമ്പാ...

    ആശംസകൾ....

    ReplyDelete
  24. ഒരു പഴം ചൊല്ല് ഓർമ്മ വന്നു
    "പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും "
    ഒരു ഒനാം തരം പൂവൻ താറാവിനെ നശിപ്പിച്ചല്ലോ കർത്താവേ
    ഹ ഹ കൊള്ളാം ..നല്ല സ്വയമ്പൻപോസ്റ്റ്!!

    ReplyDelete
  25. ഹി..ഹി...തൂറി തൂറി പണി കഴിഞ്ഞിട്ടുണ്ടാകും അല്ലേ?

    ReplyDelete
  26. "ഉപായം നോക്കുമ്പം അപായവും നോക്കണം" എന്ന് അറിയാന്‍ മേലായിരുന്നോ മക്കളേ ...

    ReplyDelete
  27. ഹ ഹാ ...ഭീകരം .ഇപ്പം ഡക്ക് റോസ്റ്റ് എന്ന് ആരേലും പറയുന്നതു കേട്ടാ വയറിനകത്ത് ഒരു ചിറകടി ഫീൽ ചെയ്യുന്നുണ്ടാവണമല്ലൊ.

    ReplyDelete
  28. hayo chirichirichu oru paruvamayi ee rost arum marakila keto ganbeeramayituduketo ella ashamsagalum nerunukondu

    ReplyDelete
  29. നല്ല രസകരമായ പോസ്റ്റ്! :)

    ReplyDelete
  30. ചിരിപ്പിച്ചു കൊമ്പു കുത്തിപ്പിച്ചല്ലോ കൊമ്പാ‍ാ...

    ReplyDelete
  31. കലകലക്കി... കൊലകൊമ്പന്‍ ആളൊരു കൊലകൊല്ലി തന്നെ...

    ReplyDelete
  32. ഹാ..ഹാ.. സൂപ്പര്‍ !!!! തോറ്റു ഞാന്‍ ഈ കൊമ്പനെ കൊണ്ട് .......ആളൊരു സൈസ് കൊമ്പന്‍ തന്നെ ഇഷ്ട

    ReplyDelete
  33. നിങ്ങള്‍ ഒന്നിനൊന്നിനു തകര്‍ക്കുവാണല്ലോ..ലാസ്റ്റ് മൂന്നു പോസ്റ്റും സ്പാറി.

    ReplyDelete
  34. പോസ്റ്റ്‌ പൊളപ്പന്‍ ട്ടോ
    www.venalmazha.com

    ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)