Friday, March 19, 2010

* ദി സഹോദരന്മാര്‍ *ട്ടുപുര സംഭവത്തിനൊക്കെ ഒരുപാട് മുന്പ് നടന്ന ഈ കാര്യം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട് ..

അമിതാബ് ബച്ചന്‍ !

ഞെട്ടരുത് !!!!!!!!!!!!

അങ്ങേരു ഞങ്ങളുടെ കൂട്ടുകാരന്‍ ആയിരുന്നു - എന്നൊന്നും അല്ല പറയാന്‍ പോകുന്നത്

ഇന്നിപ്പോ കേരളത്തിന്റെ ടൂറിസം അംബാസഡര്‍ അമിതാബ് ബച്ച്ചച്ചന്‍ കൊച്ചച്ചന്‍ എന്നൊക്കെ പറയും പോലെ അന്നും ഉണ്ടായിരുന്നു ഈ ബ്രാന്ടിംഗ് എന്ന സംഗതി..

അതായത് ഇപ്പൊ ഒരു ഗാംഗ് ഉണ്ടെന്നു വിചാരിക്കുക.. അത് ഒരു ഗാംഗ് ആകണമെങ്കില്‍ അതിനു പൊളപ്പന്‍ ഒരു പേര് വേണം.. പേരില്ലാത്ത ഗാങ്ങിനു ആളുകള്‍ , കൂടുതലും ഗേള്‍സ്‌ , ചാവാലിപ്പട്ടിയുടെ വില പോലും കൊടുത്തിരുന്നില്ല..
അന്നത്തെ പേരുകള്‍ ഒക്കെ ഏകദേശം ഇപ്പ്രകാരമാണ് - 'സ്റ്റാര്‍ ഫ്രെണ്ട്സ് ' , 'മിന്നല്‍ ബ്രദേര്‍സ്' , 'ചൂള ദോസ്ത് സ്' ..

മീന്‍സ്, എന്ത് കൂതറ പേരാണെങ്കിലും അവസാനം എല്ലാത്തിലും ഫ്രെണ്ട്സ് എന്നോ , ബ്രദേര്‍സ് എന്നോ , ദോസ്ത് എന്നോ ഒക്കെ തിരുകികയറ്റണം.. എന്നാലെ ലതിനു ഒരു ലിത് വരികയുള്ളൂ ... അതായിരുന്നു അന്നത്തെ ട്രെന്‍ഡ് !

ഈ സത്യങ്ങളൊക്കെ മനസിലാക്കിയ ഞങ്ങളും തീരുമാനിച്ചു.. ഞങ്ങളുടെ ഗാങ്ങിനും ഒരു പേരിടണം.. ആരു കണ്ടാലും ഇമ്പം തോന്നുന്ന , സ്നേഹം തോന്നുന്ന , എന്നാല്‍ ചെറുതായിട്ട് ഒന്ന് കിടുങ്ങുന്ന ഒരു പേര് ! ഞങ്ങള്‍ കുലങ്കുഷമായി വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ആ പ്രക്രിയ (ആലോചന) തുടങ്ങി..

ആസ് യൂഷ്വല്‍ , ആല്‍ത്തറയില്‍ ഇരുന്നാണ് ആലോചന.. അമ്പലത്തില്‍ വരുന്ന ഗേള്‍സിനെ പോലും ശ്രദ്ധിക്കാതെ ആലോചന തുടര്‍ന്നു.. പലരും അവരവര്‍ക്ക് കിട്ടിയ പേരുകള്‍ വിളമ്പി ... 'ഇഷ്ട്ടികക്കളം ഫ്രെന്‍സ്', 'പാടം ബ്രദേര്‍സ്', 'ബ്ലൂസ്റ്റാര്‍ ടീം' അങ്ങനെ മലയാളവും ഇംഗ്ലീഷും മിക്സും ഒക്കെ ആയി ഒരുപാട് തൊട്ടി-കച്ചറ പേരുകള്‍ വന്നു.. പക്ഷെ ഒന്നും സമവായം കാണുന്നില്ല.. ഒടുവില്‍ എന്നത്തേയും പോലെ ഞാന്‍ തന്നെ ഇടപെട്ടു..

"നമ്മള്‍ ഈ ആല്‍ത്തറയുടെ ചുവട്ടില്‍ ഇത്രേം നേരം ഇരുന്നിട്ടും ഇതിന്റെ പേര് ഇടാന്‍ തോന്നിയില്ലല്ലോ.. ഗാങ്ങിന്റെ പേര് നമുക്ക് 'ആല്‍ത്തറ ബ്രദേര്‍സ്' എന്നാക്കാം.. എന്തേ ? "
പുന്നെല്ലു കണ്ട എലിയെക്കൂട്ട് അവന്മാരൊക്കെ അത്ഭുതപരതന്ത്രരായി കണ്ണ് മിഴിച്ചു.. എന്നെ ഭയങ്കര ആരാധനയോട് കൂടി ഒക്കെ നോക്കി.. ഞാനങ്ങു പൊങ്ങി പൊങ്ങി കവുങ്ങില്‍ ഇടിക്കണ സ്റ്റേജ് ആയി !
എന്തായാലും ആ പേര് തന്നെ തീരുമാനിച്ചു -
ആല്‍ത്തറ ബ്രദേര്‍സ്

പേര് ഇട്ടിട്ട് മാത്രം കാര്യമില്ല .. ഇനിയാണ് മാര്‍ക്കറ്റിംഗ് വേണ്ടത്.. ഞങ്ങളാണ് ഈ സഹോദരന്മാര്‍എന്ന് സ്കൂളില്‍ ഒക്കെ എങ്ങിനേം അറിയിക്കണം.. ഗേള്‍സ്‌ ഒക്കെ അറിഞ്ഞാലേ ഒരു ഗും ഉണ്ടാവുള്ളൂ .. അതിനുള്ള വഴി ആലോചിച്ചു തുടങ്ങി..

ഒരു പാവം പിടിച്ച സര്‍ക്കാര്‍ ഉസ്കൂളാണ് ഞങ്ങളുടേത്.. അലമ്പിന്റെ കൂത്തരങ്ങാണ് സ്ഥലം ! അവിടെ എട്ടാം ക്ലാസ്സില്‍ കയറാനുള്ള യോഗ്യത എന്ന് പറയുന്നത് വേറെ ഒന്നുമല്ല , പട്ടയടി ആണ്... ഞങ്ങളുടെ കൂട്ടത്തിലുള്ള പലരും ആ ഒറ്റ ക്വാളിഫികേഷന്‍ കൊണ്ടു മാത്രമാണ് അവിടെ കയറിക്കൂടിയത്.. ഹൈസ്കൂളിലെ പിള്ളേരൊക്കെ ഹറാംപെറപ്പിന്റെ യൂണിവേഴ്സിറ്റികള്‍ !!

ഇങ്ങനത്തെ ഗാങ്ങുകള്‍ അവിടെ പ്രത്യക്ഷപ്പെടുന്നതിനു മുന്നോടിയായി വലിയ ഒരു പോസ്റ്റര്‍ ഒക്കെ ഇറക്കും.. ഇന്ന ഇന്ന പയ്യന്മാര്‍ ചേര്‍ന്ന് - ഇതാ വരുന്നു 'ചാട്ടുള്ളി ബ്രദേര്‍സ്' അല്ലെങ്കില്‍ 'ഡെവിള്‍ ബ്രദേര്‍സ് ' എന്നൊക്കെ പറഞ്ഞുള്ള അറിയിപ്പുകള്‍ .. ഇംഗ്ലീഷ് എഴുതി ഒപ്പിക്കാന്‍ പറ്റുന്ന ചുരുക്കം ചിലര്‍ ഈ പേരുകള്‍ മാത്രം ഇംഗ്ലീഷില്‍ ആയിരിക്കും എഴുതുക.. അതിനാണ് കൂടുതല്‍ ഗും !! ഈ പോസ്റ്റര്‍ സ്കൂളിന്റെ പിന്നിലത്തെ മതിലിലും , ഗേള്‍സ്‌ ടോയ്ലെറ്റിന്റെ പുറംചുമരിലും ഒക്കെ ഒട്ടിച്ചു വയ്ക്കും.. അതാണ്‌ മാര്‍ക്കറ്റിംഗ് ടെക്നിക്സ് !!

രാത്രി ആണ് ഇതൊക്കെ ചെയ്യേണ്ടത്.. രാവിലെ പിള്ളേര്‍ ഒക്കെ വരുമ്പോള്‍ തന്നെ സംഭവം കാണണമല്ലോ..

വെറും അലവലാതിയായ ഒരു പ്യൂണ്‍ ഉണ്ട്.. പുള്ളി വീട്ടില്‍ പോകുമ്പോള്‍ എട്ടു മണി കഴിയും.. അന്നൊക്കെ ഞങ്ങളെ അധികം പേരെയും രാത്രി ഒന്നും വീടിനു വെളിയില്‍ വിടാറില്ല.. അപ്പോള്‍ പിന്നെ ഒരു വഴിയെ ഉള്ളൂ.. സ്കൂളിനു അടുത്താണ് കൊളസം മണിയുടെ വീട്.. അവനാണ് ഞങ്ങളുടെ കൂട്ടത്തില്‍ അത്യാവശ്യം പടം വരയും പിന്നെ നല്ല കയ്യക്ഷരവും ഒക്കെ ഉള്ളവന്‍ (
എം എഫ് ഹുസൈന്റെ മോന്‍ ആണല്ലോ )

തല്ക്കാലം പോസ്റ്റര്‍ വേണ്ട.. പകരം ചുമരില്‍ കരി കൊണ്ട് നല്ല മുഴുത്ത അക്ഷരത്തില്‍ എഴുതിയാല്‍ മതി എന്ന് തീരുമാനിച്ചു.. നല്ല സാഹിത്യം തുളുമ്പുന്ന വാക്കുകള്‍ ഒപ്പിക്കണം.. വീണ്ടും ആലോചന.. ഒടുവില്‍ ഒരു കണക്കിന് അതും ഒപ്പിച്ചു..

ആദ്യം ഞങ്ങള്‍ ആറ്‌ പേരുടെ പേരുകള്‍ .. പിറകെ സാഹിത്യം -

മിന്നലിന്റെ വെളിച്ചം പോലെ , ഇടിയുടെ മുഴക്കം പോലെ , കൊടുങ്കാറ്റിന്റെ വേഗതയില്‍ .. ഇതാ ഞങ്ങള്‍ വരുന്നു.......
AALTHARA BROTHERS

ആഹാ... അടിപൊളി.. ഞങ്ങള്‍ ഞങ്ങളെ തന്നെ അഭിനന്ദിച്ചു .... !
ഓര്‍ക്കണം, രണ്‍ജി പണിക്കരോ സുരേഷ് ഗോപിയോ ഒന്നും അന്ന് ഫീല്‍ഡില്‍ ഇല്ല... കാശ് മേടിച്ചു ഇതൊക്കെ എഴുതിത്തരുന്ന അമ്മാവന്മാരും അന്നില്ല .. സിനിമയിലോ നാടകത്തിലോ ഇല്ലാത്ത മാതിരി ഡയലോഗ്സ് .. ഇത് ഞങ്ങള്‍ സ്പാറും എന്ന് തന്നെ ഉറപ്പിച്ചു..

സംഭവം വലിയ പേപ്പറില്‍ എഴുതി മണിയുടെ കയ്യില്‍ കൊടുത്തു..
"ഡാ അവന്‍ തെറ്റിക്കുവോ ? അത്യാവശ്യം നല്ലോണം അക്ഷരതെറ്റ് വരുത്തുന്നവനാണ്" സജി പറഞ്ഞു..
"എയ്യ് അതില്ല .. അതിനല്ലേ നമ്മള്‍ നല്ല വൃത്തിയായി എഴുതി കൊടുത്തു വിട്ടിരിക്കുന്നത് .. അത് നോക്കി അങ്ങട് എഴുതിയാല്‍ മതിയല്ലോ " - ഞാന്‍ പറഞ്ഞു

അപ്പൊ എല്ലാം റെഡി !
നമ്മളും ഒരു ഗാങ്ങായി എന്ന അഹങ്കാരത്തോടെ എല്ലാവരും ഉറങ്ങാന്‍ കിടന്നു ! ഇരുട്ടിന്റെ മറവില്‍ മണി എല്ലാം സെറ്റപ്പ് ആക്കി !!

പ്രഭാതം ! നേരത്തെ നിശ്ചയിച്ച പ്രകാരം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് അന്ന് സ്കൂളിലേക്ക് പോയത് .. അതും അല്‍പ്പം വൈകിയാണ് ചെല്ലുന്നത്.. പിള്ളേര്‍ എല്ലാം ഞങ്ങളുടെ പരസ്യം ഒക്കെ കണ്ടു വിറച്ചു നില്‍ക്കുമ്പോള്‍ വേണമല്ലോ ചെല്ലാന്‍ !

പ്യൂണിന്റെ തിരുമുഖമാണ് ആദ്യം കണ്ടത്.. സാധാരണ ഗതിയില്‍ ഞങ്ങളെ കണ്ടാല്‍ ചതുര്‍ഥി കണ്ട പോലെ ഉള്ള പ്യൂണ്‍ ഇന്നിതാ ഞങ്ങളെ നോക്കി ചിരിക്കുന്നു... അത്ഭുതം !! അപ്പൊ സംഭവം ഏറ്റിട്ടുണ്ട് ..ഇപ്പൊ പുള്ളിക്കൊക്കെ ഞങ്ങളെ ഒരു ബഹുമാനം വന്നെന്നു തോന്നുന്നു ! (ആ ചിരിയില്‍ ഒരു പുച്ച്ചഭാവം ഇല്ലേ എന്ന് എനിക്ക് തോന്നിയിരുന്നു .. എല്ലാവര്ക്കും അങ്ങനെ തന്നെ തോന്നി എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു )

നമ്മള്‍ എഴുതി വച്ചിരിക്കുന്നത് നമ്മള്‍ പോയി നോക്കരുതല്ലോ..അത് മോശമാണ്... അത് മറ്റുള്ളവര്‍ക്ക് കാണാനല്ലേ.. അത് കൊണ്ട് ആ വഴിയൊന്നും പോയില്ല.. നേരെ ക്ലാസില്‍ പോയിരുന്നു ! എല്ലാവരെയും ഒരുമിച്ചു നല്ല കുട്ടികളായി കണ്ട മാഷുമ്മാര്‍ ആ സന്തോഷം മറച്ചു വച്ചില്ല.. ചോദ്യം ചോദിക്കലും അടി മേടിക്കലും ഒക്കെ ഭംഗിയായിത്തന്നെ നടന്നു...

ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോള്‍ പതുക്കെ പയ്യന്മാര്‍ ഒക്കെ അത് വഴി വന്നു ഞങ്ങളെ നോക്കി ചിരിക്കുന്ന പോലെ.. ആ ചിരിയിലും എന്തോ പന്തികേട്..ഞങ്ങള്‍ അന്ന് ഒമ്പതാം ക്ലാസിലാണ്.. പത്താം ക്ലാസിലെ ഒരു കൂതറ ഗാങ്ങിലെ പയ്യന്മാര്‍ അത് വഴി വരുന്നു.. ഞങ്ങളെ കണ്ടതും എല്ലാരും പൊട്ടിച്ചിരിക്കുന്നു ! കമന്റടിയും ബഹളവും..

അത് വരെ മുഖത്ത് നോക്കാന്‍ പോലും ധൈര്യമില്ലാണ്ടിരുന്ന ഗേള്‍സ്‌ പലരും ഞങ്ങളെ കണ്ടു ചിരിയോടു ചിരി.. എന്റെ ഫാന്‍സ്‌ എന്ന് ഞാന്‍ കരുതിയിരുന്ന രെമ്യയും ധന്യയും വരെ കളിയാക്കി മരിക്കുന്നു.. ആരും ഒന്നും പറയുന്നുമില്ല .. ചിരി മാത്രം !!

ക്ലാസിലുള്ള മറ്റവന്മാര്‍ (മറ്റേ എതിര്‍ ഗാങ്ങില്‍ ഉള്ള ആഭാസന്മാര്‍) ഞങ്ങളെ തറകള്‍ കൂതറകള്‍ എന്നൊക്കെ വിളിക്കുന്നു..

ആത്മസംയമനം പാലിച്ചു ..

ആഹാ മോനെ , അവന്മാരുമായി ഇടി തുടങ്ങിയാല്‍ പിന്നെ നില്‍ക്കില്ല ..

ഇടി നില്‍ക്കില്ല എന്നല്ല , ഞങ്ങള്‍ക്ക് നില്‍ക്കാന്‍ പറ്റില്ല എന്ന് .. ഇറങ്ങി ഓടേണ്ടി വരും .. അത് കൊണ്ട് ഉടക്കാനും പോയില്ല !

ദൈവമേ , എന്തോ പിശക് പറ്റിയിട്ടുണ്ട്.. മണിയെ വിളിച്ചു ചോദിച്ചു.. എടാ നിനക്ക് പേര് വല്ലതും തെറ്റിപ്പോയോ ? എന്താ സംഭവം.. മണി പറഞ്ഞു ഒരു പ്രശ്നവുമില്ല എന്ന് ഉറപ്പാണ്... ഞങ്ങള്‍ എഴുതിക്കൊടുത്ത കടലാസ്സ്‌ ഒക്കെ എടുത്തു അവന്‍ കാണിച്ചു..
"ഇതില്‍ വള്ളി പുള്ളി വിടാതെ ഞാന്‍ എഴുതിയിട്ടുണ്ട് .. അമ്മയാണെ സത്യം " - മണി

ആകെ ടെന്‍ഷനായി.. വന്നു വന്നു താഴെ ക്ലാസിലുള്ള ചീള് പയ്യന്മാര്‍ വരെ ഞങ്ങളെ നോക്കി ചിരിക്കുന്നു ! ഇത് കൈവിട്ട കേസ് ആയെന്നു തോന്നിത്തുടങ്ങി.. എന്തായാലും ഇപ്പോള്‍ ചെന്നു നോക്കാന്‍ പറ്റില്ല.. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നാണക്കേടാണ്.. എല്ലാവരും പോകട്ടെ .. എന്നിട്ടാവാം എന്നു വച്ചു..

ഒരു വിധത്തില്‍ നാലു മണി വരെ തള്ളി നീക്കി.. ഗേള്‍സ്‌ ഒക്കെ ഞങ്ങളെ ഒരു മാതിരി കോമാളികള്‍ എന്ന പോലെ നോക്കിയിട്ട് ഇറങ്ങിപ്പോകുന്നു....സ്കൂളിലെ എല്ലാവരും പോയി.. ഞങ്ങള്‍ ആറ് പേരും പതുക്കെ ഇറങ്ങി.. പിന്നീട് ഒരു ഓട്ടമായിരുന്നു .. സ്കൂളിന്റെ പിന്നിലേക്ക്.. മണി ആയിരുന്നു ഏറ്റവും അവസാനം..

അവിടെ ചെന്നു ചുവരില്‍ നോക്കി.. ഞങ്ങളുടെ പരസ്യം കണ്ടു .. ഒരു കുഴപ്പവുമില്ല .. പറഞ്ഞ പോലെ നല്ല അടിപൊളിയായി എഴുതിയിട്ടുണ്ട്.. പേരുകളും സാഹിത്യവുമെല്ലാം അലങ്കാരപ്പണിയോടു കൂടി തന്നെ അവിടെ ഉണ്ട് ... പിന്നെന്താണ് പ്രശ്നം ?

വീണ്ടും സൂക്ഷിച്ചു നോക്കി..
ബള്‍ബുകള്‍ മിന്നി ....ഇപ്പൊ മനസിലായി !

"അയ്യോ !!! പണി പാളിയെടാ...........................!!!!!!!!!!!!!!!" സുനി ആ വാക്കുകളിലേക്ക് വിരല്‍ ചൂണ്ടി..

ഞങ്ങള്‍ അഞ്ചു പേരും അത് കണ്ടു തലയില്‍ കൈവച്ചു ദൈവമേ എന്ന് ഉറക്കെ പറഞ്ഞു .. മണി ഓള്‍മോസ്റ്റ്‌ കരഞ്ഞു പോയി !

അലവലാതി.. അവന്‍ കരയാന്‍ പോകുന്നതേയുള്ളൂ.. ഞങ്ങള്‍ അഞ്ചു പേരും അവന്റെ നേര്‍ക്ക് തിരിഞ്ഞു .. പക്ഷെ അപ്പോഴേക്കും അവന്‍ സ്കൂളിന്റെ മതില്‍ ചാടിത്തുടങ്ങിയിരുന്നു !

അതോടു കൂടി ഞങ്ങളുടെ പേര് ആ സ്കൂളും വിട്ടു നാട് മുഴുവന്‍ ഫേമസ് ആയി ! പല കൂട്ടുകാരും ഞങ്ങളെ ആ പേരിലാണ് ഇപ്പോഴും വിളിക്കുന്നത് (അതു ചിലപ്പോ ഈ കാരണം കൊണ്ടാല്ലായിരിക്കാം).. ഒരു അക്ഷരത്തിന്റെ മാറ്റം ഞങ്ങളുടെ ഗാങ്ങിനെ ജന്മദിനത്തില്‍ തന്നെ കൊന്നു കൊല വിളിച്ചു പണ്ടാരമടക്കി !--the END--
** ഇതായിരുന്നു അന്ന് ചുമരില്‍ എഴുതിയിരുന്നത് ..

സുകു, സുനി ,സജി ,മണി,സനല്‍ ,കൊമ്പന്‍ (ഞാന്‍ )
മിന്നലിന്റെ വെളിച്ചം പോലെ , ഇടിയുടെ മുഴക്കം പോലെ , കൊടുങ്കാറ്റിന്റെ വേഗതയില്‍ ..
ഇതാ ഞങ്ങള്‍ വരുന്നു . . .

ALLTHARA BROTHERS
ഞങ്ങളുടെ ഗാങ്ങിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കാനെന്ന പോലെ ആ ALL ഇനും THARA യ്ക്കും ഇടയ്ക്ക് ഒരു ചെറിയ ഗ്യാപ്പും ഉണ്ടായിരുന്നു !!24 comments:

 1. ഞങ്ങളുടെ ഗാങ്ങിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണി അടിക്കാനെന്ന പോലെ ആ ALL ഇനും THARA യ്ക്കും ഇടയ്ക്ക് ഒരു ചെറിയ ഗ്യാപ്പും ഉണ്ടായിരുന്നു !!

  ReplyDelete
 2. ആദ്യം ആല്‍ത്തറ എന്ന് പറഞ്ഞപ്പോള്‍ തന്നെ കാര്യം പിടികിട്ടി. ഒരു സ്പേസ് കൂടി ഉണ്ടായിരുന്നെങ്കില്‍ കൃത്യമായേനെ.

  ReplyDelete
 3. അവസാനം എഴുതിയത്‌ ആൽത്തറ ബ്രദേഴ്സോ അതോ All Thara ബ്രദേഴ്സോ

  ReplyDelete
 4. ALLTHARA BROTHERS കൊള്ളാം ..

  (ചെറുതായിട്ട് ഒന്ന് കിടുങ്ങുന്ന ഒരു പേര് വേണം എന്നുണ്ടങ്കില്‍ "ഭൂമികുലുക്കം bothers " എന്ന് ഇടാമായിരുന്നു

  ReplyDelete
 5. നിങള്‍ തെറ്റിച്ചെഴുതി മണിയുടെ കയ്യില്‍ കൊടുത്തു!
  മണി അത് കറക്റ്റാക്കി അവിടെ എഴുതി! അദ്ദാണ് ലതിന്റെ ശരി:-)

  സംഭവം രസമായിട്ടുണ്ട് കൊംബാ..
  വീണ്ടും വരാം. എല്ലാം വായിക്കണം.

  ReplyDelete
 6. രസകരമായിട്ടുണ്ട്.. ഈ കൊമ്പനാളൊരു വമ്പനാണല്ലോ?

  ReplyDelete
 7. ആല്‍ത്തറ ബ്രദേഴ്സ് ഏലിയാസ് ഓള്‍ തറ ബ്രദേഴ്സ്

  ReplyDelete
 8. കിടിലം! ഓള്‍ തറ! :)

  ReplyDelete
 9. നന്നായിരിക്കുന്നു. രസം വായിച്ചപ്പോള്‍ രസം തോനി.

  ReplyDelete
 10. മണിയുടെ കാര്യം പറഞ്ഞപ്പോഴേ തോന്നി..ഓള്‍ തറ എന്നാക്കുമെന്നു..
  സത്യം പറ നിങ്ങള്‍ ഓഫര്‍ ചെയ്തത് മണിക്ക് കൊടുത്തില്ല അല്ലെ കൊമ്പാ..

  ReplyDelete
 11. കൊമ്പാ കൊമ്പാ കൊച്ചു കൊമ്പാ നിന്റെ കൊമ്പിന് എന്തൊരു സ്റ്റൈലാണ്..
  (അവസാനത്തെ ആ വിശദീകരണം വേണ്ടായിരുന്നു. അതില്ലാതെ തന്നെ തറ വായിച്ചെടുക്കാന്‍ പറ്റും)

  ReplyDelete
 12. മച്ചൂ... പിന്നേം സ്പാറി ട്ടാ..

  ആള്‍ തറ ബ്രദേര്‍സ് ... ഹ ഹ ഹ .. കലക്കി..

  ആശംസകള്‍.. തുടര്‍ന്നും എഴുതൂ...

  ReplyDelete
 13. ഹഹഹ അതു കലക്കി ഇതാണ് പറയണത് സത്യത്തെ എത്ര മറച്ച്‌ വച്ചാലും ഒരു നാള്‍ പുറത്ത്‌ വരുമെന്ന്, മണി ഒരു നിമിത്തമായെന്നു മാത്രം

  ReplyDelete
 14. (അതു ചിലപ്പോ ഈ കാരണം കൊണ്ടാല്ലായിരിക്കാം). ഹ..ഹ..ഹാ

  ReplyDelete
 15. ആല്‍തറ ബ്രദേഴ്സിന്റെ തുടക്കവും ഒടുക്കവുമെല്ലാം പെട്ടെന്നായിരുന്നു അല്ലേ?

  ആശംസകള്‍... :)

  ReplyDelete
 16. തെറ്റിയതായിരിക്കില്ല, ഇത് ഈ ബ്രദേര്സിനു പറ്റിയ പേര് തന്നെ.

  ReplyDelete
 17. വീണ്ടും പുലി..കൊള്ളാം

  ReplyDelete
 18. എല്ലാം പെട്ടെന്നായിരുന്നു അല്ലെ.
  ഓള്‍ തറ ബ്രദേഴ്സ്.
  കൊള്ളാം. കൊലകൊമ്പന്‍ തന്നെ....

  ReplyDelete
 19. "കൊമ്പനിതു തന്നെ വരണം..അല്ലേലും ഒരു കൊമ്പ് കൂടുതലായിരുന്നു!"
  സ്കൂളും, അവിടത്തെ ചെറിയ, ചെറിയ കുസൃതികളും എത്ര കേട്ടാലും കൊതിതീരില്ല.
  ഇനിയുണ്ടാവുമല്ലോ അല്ലേ സ്റ്റോക്ക്? അടുത്ത 'ഒപ്പിക്കല്‍സി'നായി കാത്തിരിക്കുന്നു....

  ReplyDelete
 20. മണി സത്യം സത്യമായിട്ട് എഴുതി :)

  ReplyDelete
 21. കലക്കി ട്ടോ മാഷെ .........................
  അതെ മണിക്ക് തെട്ടിയിട്ടൊന്നും ഇല്യാട്ടോ ...........ഓള്‍ തറ ബ്രദേഴ്സ്. എന്ന് തന്നെയാ നിങ്ങള്ക്ക് പറ്റിയ പേര് .......

  ReplyDelete
 22. അവസാനം ഊഹിച്ചിരുന്നുവെങ്കിലും പറഞ്ഞ രീതി രസിച്ചു.:)

  ReplyDelete
 23. അലവലാതി.. അവന്‍ കരയാന്‍ പോകുന്നതേയുള്ളൂ.. ഞങ്ങള്‍ അഞ്ചു പേരും അവന്റെ നേര്‍ക്ക് തിരിഞ്ഞു .. പക്ഷെ അപ്പോഴേക്കും അവന്‍ സ്കൂളിന്റെ മതില്‍ ചാടിത്തുടങ്ങിയിരുന്നു !
  super

  ReplyDelete

എന്ത് വേണമെന്ന് നിങ്ങള്‍ പറയൂ :-)